കണ്ണൂർ:സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് സിപിഎം തളിപ്പറമ്പ് നോർത്ത് ലോക്കൽ കമ്മറ്റിയിൽ പരസ്യ ശാസനയും താക്കീതും. തളിപ്പറമ്പ് നോർത്ത് ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 5 പേർക്കെതിരെയാണ് പാർട്ടി നേതൃത്വം നടപടിയെടുത്തത്. സിപിഎം തളിപ്പറമ്പ് നോർത്ത് ലോക്കൽ സെക്രട്ടറി പുല്ലായിക്കൊടി ചന്ദ്രൻ, മുൻ ലോക്കൽ സെക്രട്ടറി എം സന്തോഷ്, ലോക്കൽ കമ്മറ്റി അംഗങ്ങളായ വി പി സന്തോഷ്, കെ എം ലത്തീഫ്, ടൗൺ ബ്രാഞ്ച് സെക്രട്ടറി ടി ആർ ശിവൻ എന്നിവർക്കെതിരെയാണ് നടപടി.
പാർട്ടി സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളാണ് നടപടിക്ക് കാരണമായത്. സിപിഎം നിയന്ത്രണത്തിലുള്ള ജീവ കലാകേന്ദ്രം, കൈരളി ഹോട്ടൽ, സിപിഎം നോർത്ത് ലോക്കൽ കമ്മിറ്റി ഓഫിസ് നിർമ്മാണം എന്നിവയുടെ നിർമ്മാണ പ്രവൃത്തിയിൽ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയിരുന്നു. ജീവ കലാകേന്ദ്രം നടത്തിയ ചിട്ടിയുടെയും കണക്കുകൾ പരിശോധിച്ചപ്പോൾ ഇവയിലും പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.