കണ്ണൂർ: കടലാക്രമണ ഭീഷണിയിൽ കണ്ണൂർ ജില്ലയിലെ തീരദേശവാസികൾ. മുഴപ്പിലങ്ങാട്, തയ്യിൽ, ആയിക്കര, നടാല്‍ തുടങ്ങി കടലാക്രമണ സാധ്യതയുള്ള തീരപ്രദേശങ്ങളിലെ ജനങ്ങള്‍ കടുത്ത ഭീതിയിലാണ്. എന്നാല്‍ കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറില്ലെന്നാണ് ഇവര്‍ പറയുന്നത്. ന്യൂനമർദം ശക്തി പ്രാപിച്ചതോടെ ജില്ലയിൽ കടല്‍ ക്ഷോഭം രൂക്ഷമാകുകയാണ്. ശനിയാഴ്ച ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഇതോടൊപ്പം കടലും പ്രക്ഷുബ്‌ധമായാൽ സ്ഥിതി ഗുരുതരമാകും.
ഇതോടൊപ്പം ചെറുപുഴ, കൊട്ടിയൂര്‍, ഇരിട്ടി തുടങ്ങിയ മലയോര പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയുമുണ്ട്. ദുരന്തസാധ്യത മേഖലകളില്‍ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കി. ആവശ്യമായ ഘട്ടങ്ങളില്‍ ആളുകളെ മാറ്റി താമസിപ്പിക്കാനുള്ള നടപടിയും സ്വീകരിക്കും. ഇത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും തഹസില്‍ദാര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. കൊവിഡ് വ്യാപനമുള്ളതിനാല്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ടാണ് ക്യാമ്പുകള്‍ സജ്ജമാക്കുന്നത്. മഴ ശക്തിപ്പെട്ട് തുടങ്ങിയാല്‍ മലയോര മേഖലകളിലേക്കുള്ള ഗതാഗതം വൈകിട്ട് ഏഴ് മണി മുതല്‍ രാവിലെ ഏഴ് വരെ നിയന്ത്രിക്കും.