കണ്ണൂർ: സംസ്ഥാന സ്‌കൂൾ കായിക മേളയിലെ പ്രകടനങ്ങൾ ആവേശത്തോടെ തുടരുന്നു. മൂന്നാം ദിനമായ ഇന്ന് 54 മത്സരഫലങ്ങൾ പുറത്ത് വന്നപ്പോൾ 110 പോയിന്‍റുമായി പാലക്കാടാണ് ഒന്നാമത്. 99 പോയിന്‍റുമായി എറണാകുളം രണ്ടാമതും 59 പോയിന്‍റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തുമാണ്.
സ്കൂൾ തലത്തിൽ പാലക്കാട് കുമാരപുത്തൂർ സ്കൂളിന് 43 പോയിന്‍റും എറണാകുളം മാർ ബേസിലിന് 34 പോയിന്‍റും ലഭിച്ചു . എറണാകുളം മണീട് എച്ച് എസ് ആണ് മൂന്നാം സ്ഥാനത്ത്.
ജൂനിയർ ആൺകുട്ടികളുടെ 5000 മീറ്റർ നടത്തത്തിൽ പാലക്കാട് മാത്തൂർ സി.എഫ്.ഡി.വി.എച്ച്.എസ്.എസിലെ കെ.പി പ്രവീൺ സ്വർണം നേടി. സീനിയർ പെൺകുട്ടികളുടെ 3000 മീറ്റർ നടത്തത്തിൽ കോഴിക്കോട് കട്ടിപ്പാറ ഹോളി ഫാമിലി ഹയർ സെക്കന്‍ററിയിലെ നന്ദന ശിവദാസ് മീറ്റ് റെക്കോർഡോടെ ഒന്നാമതെത്തി.