കണ്ണൂര്‍: ശക്തമായ കാറ്റിൽ കണ്ണൂർ മണക്കടവിലെ സ്‌കൂളിന്‍റെ മേൽക്കൂര തകർന്നു. മണക്കടവ് ശ്രീപുരം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന്‍റെ മേൽക്കൂരയാണ് ഇന്ന് പുലർച്ചയോടെ നിലം പൊത്തിയത്. സ്‌കൂളിന് രണ്ട് ദിവസത്തെ അവധി നൽകിയതായി അധികൃതർ അറിയിച്ചു. ഹൈസ്ക്കൂൾ ക്ലാസുകൾ നടക്കുന്ന കെട്ടിടത്തിന്‍റെ മേൽക്കൂരയാണ് കാറ്റിൽ തകർന്നത്.
ശക്തമായ കാറ്റ്; സ്‌കൂളിന്‍റെ മേൽക്കൂര തകർന്നു
മണക്കടവ് ശ്രീപുരം ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്‌കൂളിന്‍റെ മേൽക്കൂരയാണ് ശക്തമായ കാറ്റില്‍ നിലംപൊത്തിയത്
അഞ്ച് വർഷം മുമ്പാണ് ലക്ഷങ്ങൾ ചെലവഴിച്ച് കെട്ടിടത്തിന് മുകളിൽ റൂഫിങ് ഷീറ്റുകൾ സ്ഥാപിച്ചത്. മേൽക്കൂരയുടെ ഇരുമ്പ് ഫ്രെയിമുകൾ സഹിതമാണ് തൊട്ടടുത്ത കൃഷിയിടത്തിലേക്ക് പതിച്ചത്. കെട്ടിടത്തിന് മുകളിലെ ജലസംഭരണിയുടെ കോൺക്രീറ്റ് സ്ലാബുകൾ തെന്നി മാറുകയും ജലവിതരണ പൈപ്പുകൾ തകരുകയും ചെയ്‌തു. അപകടാവസ്ഥയിൽ തൂങ്ങി കിടന്ന മേൽക്കൂര അഗ്നിശമന സേനയും നാട്ടുകാരും ചേർന്നാണ് താഴെയിറക്കിയത്. ഉച്ചയായിട്ടും കാറ്റ് നിലക്കാതെ വന്നതോടെയാണ് സ്‌കൂൾ അധികൃതർ അഗ്നിശമന സേനയുടെ സഹായം തേടിയത്. വേനൽ കാറ്റ് ഈ മേഖലയിൽ പതിവാണെങ്കിലും ഇത്തരത്തിൽ ശക്തമായ കാറ്റ് ആദ്യമായാണെന്ന് പി.ടി.എ പ്രസിഡന്‍റ് കെ.ടി സുരേഷ് കുമാർ പറഞ്ഞു. മേൽക്കൂര പൂർവ്വസ്ഥിതിയിലാക്കാനുള്ള നടപടികൾ സ്വീകരിച്ചതായി സ്‌കൂൾ അധികൃതർ അറിയിച്ചു. ഉദയഗിരി പഞ്ചായത്ത് പ്രസിഡന്‍റ് മിനി മാത്യു, ജില്ലാ പഞ്ചായത്ത് മെമ്പർ ജോയ് കൊന്നക്കൽ എന്നിവർ സ്‌കൂൾ സന്ദർശിച്ചു.