കോഴിക്കോട്/കണ്ണൂർ:എന്താണ് ഒരു രാഷ്‌ട്രീയക്കാരൻ്റെ ജീവിതം..? ജനങ്ങൾ പലവിധത്തിൽ വിലയിരുത്തപ്പെടുന്നിടത്താണ് ഓരോ രാഷ്ട്രീയ ജീവിതങ്ങൾക്കും പല മുഖങ്ങൾ വരുന്നത്. പൊതുപ്രവർത്തനത്തിൽ എത്ര ശോഭിച്ചാലും എത്ര ദുഷ്പേര് കേൾപ്പിച്ചാലും ഒരു നാൾ മരണത്തിന് കീഴടങ്ങുമ്പോൾ മാത്രം നമ്മൾ ചിന്തിക്കേണ്ട ചിലതുണ്ട്. ആരായിരുന്നു അയാൾ. എന്തായിരുന്നു ആ വ്യക്തിയുടെ ജീവിതം. എന്നും ചിരിക്കുന്നവരുടെയൊക്കെ ജീവിതം ഹാപ്പിയാണോ..!
വിടപറഞ്ഞ കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനിയുടെ വ്യക്തി ജീവിതത്തിലെ അറിയാക്കഥകള്‍ കണ്ണൂർ രാഷ്‌ട്രീയത്തിലെ സൗമ്യമുഖം:കണ്ണൂരിൻ്റെ രാഷ്ട്രീയ കളരിയിൽ എവിടെയും കാണുന്ന ഒരു മുഖമായിരുന്നു സതീശൻ പാച്ചേനിയുടേത്. തെരഞ്ഞെടുപ്പ് ഗോദയിൽ സിപിഎമ്മിന്‍റെ അതിശക്തരായ എതിരാളികളെ പലപ്പോഴും മുള്‍മുനയില്‍ നിര്‍ത്തിയ കോണ്‍ഗ്രസിലെ പോരാളി. മുൻ ഡിസിസി പ്രസിഡന്‍റ്. തിളച്ചുമറിയുന്ന കണ്ണൂർ കളരിയിലെ സൗമ്യമുഖം.
പടിപടിയായി വളർന്നുവന്ന പച്ചേനിക്കാരനായ സതീശന്‍ അവസാന കാലത്ത് കുടുംബം പുലർത്തിയത് ഇന്‍ഷുറന്‍സ് കമ്പനി മാനേജരായി. തോളുരുമ്മി നടന്ന നേതാക്കൾക്കോ കാലുവാരിയ അധികാര മോഹികൾക്കോ അറിയാത്ത സത്യമാണിത്. അറിഞ്ഞിരുന്നത് സാധാരണക്കാരായ അടുത്ത സുഹൃത്തുക്കൾക്ക് മാത്രമായിരുന്നു. അതും പുറത്തറിയുന്നത് അൻപതിനാലാം വയസില്‍ സതീശൻ പാച്ചേനി മരണത്തിന് കീഴടങ്ങുമ്പോൾ മാത്രം.
ALSO READ|കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി അന്തരിച്ചു
നാലര പതിറ്റാണ്ട് കോൺഗ്രസായി:രാജ്യസഭയിലേക്ക് എകെ ആന്‍റണിയുടെ ഒഴിവ് വരുമ്പോള്‍ പരിഗണിക്കപ്പെടുമെന്ന് കരുതിയെങ്കിലും കോണ്‍ഗ്രസിന്‍റെ ഗ്രൂപ്പുകളിയില്‍ പാച്ചേനി തഴയപ്പെട്ടു. 2021ല്‍ ഡിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് മാറിയതോടെ കെപിസിസി അംഗം മാത്രമായിരുന്നു പാച്ചേനി. ഇതോടെ, പാര്‍ട്ടിയിലും പാര്‍ലമെന്‍ററി രംഗത്തും ചുമതലകള്‍ ഇല്ലാതായതോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ സതീശന്‍ പാച്ചേനിക്ക് ഏറെ ബുദ്ധിമുട്ടേണ്ടിവന്നു.
ഈ സാഹചര്യത്തിലാണ് പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ മെറ്റ്‌ലൈഫ് ഇന്‍ഷുറന്‍സ് മാനേജര്‍ ഒഴിവിലേക്ക് പാച്ചേനി അപേക്ഷിക്കുന്നതും തെരഞ്ഞെടുക്കപ്പെടുന്നതും. 2022 ജൂണിലാണ് തന്‍റെ രാഷ്ട്രീയ ജീവിതത്തില്‍ നിന്നും തികച്ചും വ്യത്യസ്‌തമായൊരു മേഖലയില്‍ അദ്ദേഹം ജോലിക്ക് കയറിയത്. നിക്ഷേപകരെ ആകര്‍ഷിപ്പിക്കല്‍, ഫീല്‍ഡ് വര്‍ക്ക്, പുതിയ ആളുകളെ ചേര്‍ക്കുക എന്നിവയായിരുന്നു അദ്ദേഹത്തിന്‍റെ ജോലി. സംഘടനാരംഗത്ത് നിന്നുണ്ടായ ബാധ്യതകള്‍ തീര്‍ക്കണമെന്നും സ്വന്തമായൊരു വീട് വെക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ അവസാനകാല ആഗ്രഹം.
പക തീര്‍ത്തത് റേഷന്‍ കാര്‍ഡിലെ പേരുവെട്ടി: കണ്ണൂർ മാവിച്ചേരി കേസിലെ പ്രതിയും ജില്ലയിലെ കര്‍ഷക പോരാട്ടങ്ങള്‍ക്ക് ഒരു കാലത്ത് നേതൃത്വം നല്‍കുകയും ചെയ്‌ത പാച്ചേനി ഉറുവാടന്‍റെ കൊച്ചുമകനായിരുന്ന സതീശന്‍ സ്വന്തം ആദര്‍ശത്തിന്‍റെ പേരില്‍ കുട്ടിക്കാലത്ത് തന്നെ വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ടയാളാണ്. റേഷന്‍ കാര്‍ഡില്‍ നിന്ന് പോലും കമ്യൂണിസ്റ്റുകാരായ വീട്ടുകാര്‍ പേര് വെട്ടിയിട്ടും സതീശന്‍ പാച്ചേനി തന്‍റെ ആദര്‍ശം വിടാന്‍ തയ്യാറായിരുന്നില്ല. ആദ്യകാലത്ത് തെങ്ങും കവുങ്ങുമടക്കം കയറിയാണ് ജീവിത ദുരിതത്തെ നേരിട്ടത്.
പരിയാരം ഗവൺമെന്‍റ് ഹൈസ്‌കൂള്‍ കാലയളവ് മുതൽ പടിപടിയായി ഉയർന്ന് വളരെയധികം ത്യാഗപൂർണമായ ജീവിതമായിരുന്നു അദ്ദേഹം നയിച്ചത്. എല്ലാവരെയും ഒരുപോലെ സ്നേഹിക്കാനും കാണാനും കഴിഞ്ഞ വ്യക്തിത്വം എപ്പോഴും കാത്തുസൂക്ഷിച്ചു. കണ്ണൂര്‍ ഡിസിസി പ്രസിഡന്‍റായിരിക്കെ ജില്ലയ്ക്ക് ഒരു ആസ്ഥാന മന്ദിരം നിര്‍മിക്കാനായി അദ്ദേഹം സ്വന്തം വീടെന്ന സ്വപ്‌നം മാറ്റിവച്ച് കൈയിലുണ്ടായിരുന്ന പണമെടുത്ത് ചെലവഴിച്ചു. ഇതോടെ, സിപിഎം കോട്ടയായ കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസിന് ആറുകോടി ചെലവഴിച്ച് സ്വന്തമായൊരു ഡിസിസി കെട്ടിടം ഉയര്‍ന്നു.
10 ലക്ഷം ബാധ്യത: ഡിസിസി ഓഫീസ് നിർമാണത്തിന് ചെലവാക്കിയ പണം പിന്നീട് പാര്‍ട്ടി സതീശന്‍ പാച്ചേനിക്ക് മടക്കി നല്‍കിയിരുന്നു. സ്വന്തമായി വീടില്ലാതിരുന്നതിനാല്‍ സഹോദരന്‍ സുരേഷിന്‍റെ വീട്ടിലായിരുന്നു അദ്ദേഹത്തിന്‍റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചത്. സംഘടന പ്രവര്‍ത്തനത്തിന് ചെലവാകുന്ന തുക പലപ്പോഴും സതീശന്‍ പാച്ചേനി എന്ന ഡിസിസി പ്രസിഡന്‍റ് കണ്ടെത്തിയത് സുഹൃത്തുക്കളില്‍ നിന്ന് കടം വാങ്ങിയും സ്വര്‍ണം പണയം വച്ചുമാണ്. ബാങ്ക് ലോണുകള്‍ ഉള്‍പ്പടെ 10 ലക്ഷത്തോളം രൂപയുടെ ബാധ്യത ബാക്കിയാക്കിയാണ് പാച്ചേനി യാത്രയായത്.
വിഎസിനെ വിറപ്പിച്ച പാച്ചേനി:ജനകീയനായിട്ടും തെരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ കഴിയാഞ്ഞത് പച്ചേനിയെ വല്ലാതെ തളർത്തിയിരുന്നു. 28ാം വയസിലാണ് ആദ്യ പോരാട്ടത്തിനിറങ്ങിയത്. 1996ൽ സിപിഎമ്മിന്‍റെ ഉറച്ച കോട്ടയായ തളിപ്പറമ്പില്‍ മെച്ചപ്പെട്ട പ്രകടനമാണ് പാച്ചേനി കാഴ്‌ചവച്ചത്. ഇന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനായിരുന്നു അന്ന് പാച്ചേനിയെ തോൽപ്പിച്ചത്.
ആ പോരാട്ടം അദ്ദേഹത്തെ ശ്രദ്ധേയനാക്കി. 2001ൽ വിജയം തേടി വിഎസ് അച്യുതാനന്ദൻ മലമ്പുഴയിലെത്തിയപ്പോൾ നേരിടാൻ കോൺഗ്രസ് നിയോഗിച്ചത് സതീശൻ പാച്ചേനിയെ ആയിരുന്നു. പാർട്ടിയുടെ പ്രതീക്ഷകൾക്കും മുകളിൽ പറന്ന പോരാട്ടമായിരുന്നു പിന്നീട് കണ്ടത്. 25,000 ത്തിലേറെ വോട്ടുകൾക്ക് ഇടത് സ്ഥാനാർഥികൾ പുഷ്‌പം പോലെ ജയിച്ചു കയറുന്ന മണ്ഡലമായിരുന്നു മലമ്പുഴ. എന്നാല്‍, സതീശന്‍ ഇറങ്ങിയ തെരഞ്ഞെടുപ്പില്‍ വിഎസ് അക്ഷരാർഥത്തിൽ വിറച്ചു. ഒടുവിൽ 4,703 വോട്ടുകളുടെ അകലത്തിൽ പാച്ചേനിയുടെ പോരാട്ടം അവസാനിച്ചു.
2006ലും വിഎസിനോട് കൊമ്പുകോർത്തെങ്കിലും കനത്ത നിരാശയായിരുന്നു ഫലം. 2009ൽ പാലക്കാട് ലോക്‌സഭ മണ്ഡലത്തിലായിരുന്നു പാച്ചേനിയുടെ പോരാട്ടം. എംബി രാജേഷിനെ അവസാന നിമിഷം വരെ വിറപ്പിച്ചെങ്കിലും 1,820 വോട്ടുകളുടെ അകലത്തിൽ അടിയറവ് പറഞ്ഞു. സ്വന്തം ജില്ലയായ കണ്ണൂരിലായിരുന്നു ബാക്കി പോരാട്ടങ്ങൾ. ഡിസിസി പ്രസിഡന്‍റായിരിക്കെ 2016ല്‍ നിയമസഭ പോരാട്ടത്തിനിറങ്ങി. കോൺഗ്രസിൻ്റെ സിറ്റിങ് സീറ്റിൽ കണ്ണൂരിൽ പോരിനിറങ്ങുമ്പോൾ നിയമസഭ പ്രവേശം ഉറപ്പിച്ചതാണ്. പക്ഷേ, 1,196 വോട്ടിന് കടന്നപ്പള്ളിയോട് തോറ്റു.
തോല്‍വിയ്‌ക്ക് പ്രഹരമേകിയതില്‍ കാലുവാരലും: തെരഞ്ഞെടുപ്പുകളില്‍ തുടർച്ചയായിപരാജയപ്പെട്ടിരുന്ന പാച്ചേനിക്ക് ഇനി സീറ്റ് നൽകരുതെന്ന് പാർട്ടിക്കുള്ളിലെ എതിരാളികൾ പരസ്യമായി പറഞ്ഞു. ചെന്നിത്തല പക്ഷക്കാരനായ പാച്ചേനി ഉമ്മൻചാണ്ടിയെ കൂട്ടുപിടിച്ച് 2021ലും സീറ്റ് തരപ്പെടുത്തി. പക്ഷേ, പരാജയം തന്നെയായിരുന്നു ഫലം.
ഇടംവലം നടന്നവർ കാലുവാരി തോൽപ്പിച്ചു എന്നതാണ് യാഥാർഥ്യം. അഞ്ചുതവണ നിയമസഭയിലേക്കും ഒരു തവണ ലോക്‌സഭയിലേക്കും മത്സരിച്ചെങ്കിലും ഒരിക്കലും സഭ കാണാനാകാത്ത പാച്ചേനി യഥാർഥത്തിൽ മരിച്ചത് നെഞ്ച് നീറിയാണ്. സ്വയം വികസിക്കാനും കേമൻമാരാകാൻ വേണ്ടിയും തമ്മിൽ തല്ല് കൂടുമ്പോഴും ഇതുപോലുള്ള സംശുദ്ധ രാഷ്ട്രീയക്കാർ എരിഞ്ഞടങ്ങുകയാണ്. കാലത്തിനും മുന്‍പേ...