കണ്ണൂര്‍: തളിപ്പറമ്പിൽ കോൺഗ്രസ് നേതാവിന്‍റെ വീട്ടുവളപ്പിൽ നിന്ന് ചന്ദനമരം മുറിച്ചുകടത്താൻ ശ്രമിച്ച കേസ് പൊലീസ് വനംവകുപ്പിന് കൈമാറി. തുടരന്വേഷണത്തിന് വേണ്ടിയാണ് പൊലീസ് കേസ് വനംവകുപ്പിന് കൈമാറിയത്. കേസില്‍ ഇതിനകം രണ്ട് പ്രതികള്‍ പൊലീസ് പിടിയിലായിട്ടുണ്ട്. ഓടി രക്ഷപ്പെട്ട രണ്ട് പ്രതികള്‍ക്കായി വനംവകുപ്പ് അന്വേഷണം ഊര്‍ജിതമാക്കി.
തളിപ്പറമ്പിലെ ചന്ദന കടത്ത് കേസ് വനംവകുപ്പിന് കൈമാറി - sandalwood cut news
കേസില്‍ രണ്ട് പ്രതികള്‍ കൂടി പിടിയിലാവാനുണ്ട്. തുടരന്വേഷണത്തിനായാണ് പൊലീസ് കേസ് വനംവകുപ്പിന് കൈമാറിയത്
കഴിഞ്ഞ മാസം 31 നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പല തവണയായി ഒരു കാറും ചിലരും വീടിന്‍റെ പരിസരത്ത് കറങ്ങുന്നതായി ശ്രദ്ധയിൽപെട്ട കോൺഗ്രസ് നേതാവ് പ്രേംകുമാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പറശ്ശിനിക്കടവ് ഭാഗങ്ങളിൽ പുലർച്ചയോടെ നടത്തിയ അന്വേഷണത്തിൽ മട്ടന്നൂർ ശിവപുരത്തെ വി വിജേഷ്, കൂത്തുപറമ്പ് മൂര്യനാടെ സി അനൂപ് എന്നിവരെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന കെ.എൽ 58 എഎ 8365 നമ്പർ ആൾട്ടോ കാറും കസ്റ്റഡിയിൽ എടുത്തു. കോൺഗ്രസ് നേതാവിന്‍റെ വീട്ടുവളപ്പിൽ നിന്നും പ്രതികൾ കടത്താൻ ശ്രമിച്ച ചന്ദനമരത്തിന്‍റെ എട്ട് കഷ്ണങ്ങളും മുറിക്കാനുപയോഗിച്ച ബ്ലേഡും പൊലീസ് കണ്ടെടുത്തു. കേസിൽ അറസ്റ്റിലായ രണ്ട് പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. ഓടി രക്ഷപ്പെട്ട രണ്ടുപേർക്കുള്ള അന്വേഷണം വനവകുപ്പ് ഊർജിതമാക്കി. തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ജയപ്രകാശിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.