കണ്ണൂർ :മന്ത്രി സജി ചെറിയാൻ രാജിവയ്‌ക്കേണ്ടതില്ലെന്ന സിപിഎം സെക്രട്ടറിയേറ്റിന്റെ തീരുമാനം ഭരണഘടനയോടും ഭരണഘടനാ ശിൽപികളോടുമുള്ള അവഹേളനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സജി ചെറിയാനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
ഇതോടെ ഭരണഘടനയെ അഹേളിച്ചതിലുള്ള പ്രധാന പ്രതി സ്ഥാനത്ത് മുഖ്യമന്ത്രി വന്നിരിക്കുകയാണ്. പരസ്യമായി ഒരു മന്ത്രി ഭരണഘടനയെ അധിക്ഷേപിച്ചിട്ടും അദ്ദേഹത്തിനെതിരെ നടപടി വേണ്ടായെന്ന സിപിഎം തീരുമാനം വിനാശകരവും അവിവേകവുമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ഭരണഘടനയെ അവഹേളിച്ചതിൽ പ്രധാന പ്രതി മുഖ്യമന്ത്രി: കെ.സുരേന്ദ്രൻ ധിക്കാരപരമായ നിലപാടാണിത്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമെതിരായ ഈ നിലപാട് ബിജെപി അംഗീകരിക്കില്ല. മുഖ്യമന്ത്രി ഉചിതമായ തീരുമാനം എടുക്കണമെന്നാണ് ഗവർണർ പറഞ്ഞത്. മന്ത്രി പറഞ്ഞത് നാക്ക് പിഴ അല്ലെന്നും പ്രസംഗത്തിൽ നിരവധി തവണ അദ്ദേഹം ഭരണഘടനയെ അവഹേളിക്കുന്നുണ്ടെന്നും വ്യക്തമാണ്. അദ്ദേഹം അത് തിരുത്താൻ പോലും തയ്യാറായില്ല.
Also Read: എന്തിന് രാജി വയ്ക്കണമെന്ന് മന്ത്രി സജി ചെറിയാൻ
മന്ത്രിക്ക് രാജിയല്ലാതെ മറ്റ് മാർഗമില്ല. മന്ത്രി സജി ചെറിയാൻ രാജിവയ്ക്കും വരെ ബിജെപി നിയമപരമായും രാഷ്ട്രീയമായും പോരാടും. സ്വർണക്കടത്ത് കേസിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് സിപിഎം ശ്രമിക്കുന്നതെങ്കിൽ അവർക്ക് ഇത് ഇരട്ട പ്രഹരമാവുമെന്നും സുരേന്ദ്രൻ പറഞ്ഞു.