കണ്ണൂർ : ലോക്ക് ഡൗണിൽ ജീവിതം വഴിമുട്ടി കണ്ണൂരിലെ റബ്ബർ കർഷകർ. കണ്ണൂരിന്‍റെ മലയോര ഗ്രാമങ്ങളിലെ കർഷകരാണ് ഉൽപാദിപ്പിച്ച റബ്ബർ ഷീറ്റുകൾ വിൽക്കാനാവാതെ വിഷമിക്കുന്നത്. ഇവിടങ്ങളിലുള്ള ചെറുകിട കർഷകർ ജീവിതം മുന്നോട്ട് നീക്കാനാകാത്ത അവസ്ഥയിലാണ്. വേനൽ കാലമായതുകൊണ്ട് തന്നെ ഈ സമയം റബര്‍ വെട്ടല്‍ ആരംഭിക്കേണ്ടതുണ്ട്. കൂടാതെ മരങ്ങളിൽ പൂപ്പൽ കയറാതിരിക്കാനായി റെയിൻ ഗാർഡുകൾ വെച്ച് പിടിപ്പിക്കേണ്ട സമയവും വന്നിരിക്കുകയാണ്. എന്നാൽ ഷീറ്റുകൾ വിറ്റു പോകാതെ ഇവർക്ക് റെയിൻ ഗാർഡുകൾ വാങ്ങാനാകില്ല.
ലോക്ക് ഡൗണിൽ പ്രതിസന്ധിയിലായി റബ്ബർ കർഷകർ - rubber industries
കണ്ണൂരിലെ മലയോര ഗ്രാമങ്ങളിലെ കർഷകരാണ് ഉൽപാദിപ്പിച്ച റബ്ബർ ഷീറ്റുകൾ വിൽക്കാനാവാതെ പ്രതിസന്ധിയിലായിരിക്കുന്നത്
ഇനിയും ഈ സ്ഥിതി തുടർന്നാൽ മഴക്കാലം ആരംഭിക്കുകയും റെയിൻ ഗാർഡുകൾ സ്ഥാപിക്കാനാകാത്ത അവസ്ഥയിലേക്ക് എത്തുകയും ചെയ്യും. മഴക്കാലം ആരംഭിച്ചാൽ റെയിന്‍ ഗാര്‍ഡുകൾ മരത്തിൽ ഒട്ടിപിടിക്കാതെവരും. അതിനാൽ മെയ് മാസം അവസാനിക്കുന്നതിന് മുൻപ് റെയിൻ ഗാർഡുകൾ സ്ഥാപിക്കൽ പൂർത്തിയാക്കണം. ഈ സ്ഥിതി തുടർന്നാൽ അടുത്ത വര്‍ഷത്തെ വിളവും നഷ്ടമാവും. അതുകൊണ്ട് തന്നെ റബ്ബർ ഷീറ്റുകൾ വിൽക്കാൻ അവസരം ഒരുക്കുന്നതിനായി അടിയന്തരമായി സർക്കാർ ഇടപെടണമെന്ന് റബ്ബർ കർഷകനായ ജോസ് പറയുന്നു. മാത്രമല്ല കൊവിഡ് 19ന്‍റെ പ്രതിരോധത്തിന് കയ്യുറകളും മെഡിക്കല്‍ കിറ്റുകളും നിര്‍മിക്കാന്‍ സ്വാഭാവിക റബര്‍ ആവശ്യമാണ്. സർക്കാർ ഇനിയും നടപടികൾ സ്വീകരിക്കാതിരുന്നാൽ റബര്‍ ഇറക്കുമതി ചെയ്യേണ്ട സ്ഥിതിയുണ്ടാകില്ലേയെന്നും കര്‍ഷകര്‍ ചോദിക്കുന്നു.