കണ്ണൂർ: ഉത്സവ സ്ഥലങ്ങളിൽ സംഘർഷമുണ്ടാക്കാൻ ആർഎസ്എസ് നീക്കം നടത്തുന്നതായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. സംഘര്‍ഷമുണ്ടാക്കാനുള്ള ആര്‍എസ്എസ് ശ്രമത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും പ്രകോപനങ്ങളില്‍ കുടിങ്ങിപ്പോകരുതെന്നും എംവി ജയരാജൻ പ്രസ്‌താവനയിൽ അഭ്യര്‍ഥിച്ചു. വിവിധ മതവിശ്വാസികളുടെ ഉത്സവങ്ങളുടെ കാലമാണിപ്പോള്‍. ഉത്സവകാലത്ത് എല്ലാവിഭാഗം ജനങ്ങളും ഒത്തുകൂടും. ഉത്സവസ്ഥലങ്ങളില്‍ സംഘര്‍ഷമുണ്ടാക്കാനാണ് സംഘപരിവാര്‍ നീക്കം.
ഉത്സവ സ്ഥലങ്ങളിൽ സംഘർഷമുണ്ടാക്കാൻ ആർഎസ്എസ് നീക്കമെന്ന് എംവി ജയരാജൻ - എം വി ജയരാജൻ
ജനങ്ങളെ മതാടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കുന്ന പൗരത്വനിയമഭേദഗതിക്കെതിരെ ജാതി-മത-രാഷ്ട്രീയഭേദമന്യേ വ്യാപകമായ പ്രതിഷേധം രാജ്യത്താകെ ഉയര്‍ന്നുവന്നതിനെത്തുടര്‍ന്ന് സംഘപരിവാര്‍ ഒറ്റപ്പെട്ടിരിക്കുകയാണ്
![ഉത്സവ സ്ഥലങ്ങളിൽ സംഘർഷമുണ്ടാക്കാൻ ആർഎസ്എസ് നീക്കമെന്ന് എംവി ജയരാജൻ RSS moves to create Conflict at festival sites; MV Jayarajan ഉത്സവ സ്ഥലങ്ങളിൽ സംഘർഷമുണ്ടാക്കാൻ ആർഎസ്എസ് നീക്കം നടത്തുന്നു എം വി ജയരാജൻ MV Jayarajan](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5944476-thumbnail-3x2-pppp.jpg)
ജനങ്ങളെ മതാടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കുന്ന പൗരത്വനിയമഭേദഗതിക്കെതിരെ ജാതി-മത-രാഷ്ട്രീയഭേദമന്യേ വ്യാപകമായ പ്രതിഷേധം രാജ്യത്താകെ ഉയര്‍ന്നുവന്നതിനെത്തുടര്‍ന്ന് സംഘപരിവാര്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെക്കാന്‍ കേന്ദ്രമന്ത്രിമാരും ബി.ജെ.പി നേതാക്കളും ആഹ്വാനം ചെയ്യുകയും പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുകയും ചെയ്യുന്നു. അത് അനുയായികള്‍ നടപ്പിലാക്കുന്നു. കണ്ണൂരിലെ വിവിധ പ്രദേശങ്ങളില്‍ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ ആര്‍എസ്എസ് നേതൃത്വത്തിന്‍റെ ആഹ്വാനത്തിന്‍റെ തുടര്‍ച്ചയും ഉത്തരേന്ത്യന്‍ മാതൃക നടപ്പാക്കലുമാണ്. അഴീക്കോട് ചക്കരപ്പാറ സിപിഎം അംഗവും ദേശാഭിമാനി ജീവനക്കാരനുമായ എം സനൂപിന്‍റെയും കടലായി ക്ഷേത്രത്തിന് സമീപം അരുണിന്‍റെയും വീടുകള്‍ക്ക് നേരെ നടത്തിയ ആക്രമണവും എരഞ്ഞോളിപ്പാലത്തിന് സമീപം സുമിത്തിന്‍റെ തലക്ക് ആയുധമുപയോഗിച്ച് മാരകമായി പരിക്കേല്‍പ്പിച്ചതും പാനൂരില്‍ ഒരാളെ കുത്തിക്കൊന്നുവെന്ന് പ്രചരിപ്പിച്ചതും തിരുവങ്ങാട് സിപിഎം ഓഫീസില്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറ തകര്‍ത്തതുമെല്ലാം സംഘപരിവാറിന്‍റെ ആസൂത്രിത ആക്രമണ പദ്ധതിയുടെ ഭാഗമാണ്.
ജില്ലയില്‍ യാതൊരു സംഘര്‍ഷവും നിലവിലില്ല. നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷം ഇല്ലാതാക്കിയാല്‍ മാത്രമേ പൗരത്വനിയമഭേദഗതിക്കെതിരെ ഉയര്‍ന്നുവന്ന ജനകീയ പ്രതിഷേധത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാന്‍ കഴിയൂവെന്ന് സംഘപരിവാറിനറിയാം. ബി.ജെ.പിക്ക് പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാന്‍ കഴിയാത്ത വിധം കണ്ണൂര്‍ ജില്ലയില്‍ ഗ്രൂപ്പ് തര്‍ക്കം പ്രകടമാണ്. പൊയിലൂരില്‍ സിപിഎം നിരോധിത മേഖല എന്ന ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ച ആര്‍എസ്എസ് തങ്ങളുടെ ഫാസിസ്റ്റ് സ്വഭാവമാണ് വ്യക്തമാക്കിയത്. ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന ജനാധിപത്യ അവകാശങ്ങളും പൗരസ്വാതന്ത്ര്യവും മൗലികാവകാശങ്ങളും ഭരണം ഉപയോഗിച്ച് നിരോധിക്കുന്നവര്‍ ഇത്തരം ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതില്‍ വലിയ അത്ഭുതമില്ലെന്നും ആക്രമണങ്ങള്‍ക്കെതിരെ പൊലീസ് കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്നും എംവി ജയരാജന്‍ പറഞ്ഞു.