കണ്ണൂർ : ആർപിഎഫ് ഡിഐജി സന്തോഷ് എൻ ചന്ദ്രൻ തീവയ്‌പ്പ് നടന്ന ട്രെയിൻ സന്ദർശിച്ചു. രാവിലെ 10.30ഓടെ ആണ് ഡിഐജിയും പൊലീസ് ഉദ്യോഗസ്ഥരും തീവയ്‌പ്പ് നടന്ന ട്രെയിനില്‍ പരിശോധന നടത്തിയത്. അന്വേഷണ വിവരങ്ങൾ സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയാനാകില്ല എന്നായിരുന്നു മാധ്യമങ്ങളോട് ഡിഐജി പറഞ്ഞത്.
നിലവിൽ ലോക്കൽ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. അവർക്ക് വേണ്ട എല്ലാ സഹായങ്ങളും നൽകും. തീവയ്‌പ്പ് സംഭവം ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. എലത്തൂർ ട്രെയിൻ തീവയ്‌പ്പ് കേസിന്‍റെ പശ്ചാത്തലത്തിൽ പാലക്കാട് ഡിവിഷന് കീഴിൽ ആർപിഎഫ് സുരക്ഷ ശക്തമാക്കിയിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ കേരള പൊലീസ് കസ്റ്റഡിയിൽ എടുത്തയാളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. ബംഗാൾ സ്വദേശി പുഷൻജിത്ത് സിദ്ഗർ എന്നയാളെയാണ് പൊലീസ് ഇന്നലെ ഉച്ചയോടെ കസ്റ്റഡിയിൽ എടുത്തത്. ശാസ്ത്രീയമായ തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്യാൻ പൊലീസ് അനുമതി നൽകിയത്. ഇയാൾ തീവയ്‌പ്പിന് തൊട്ടുമുമ്പ് ട്രാക്കിന് പരിസരത്ത് ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
ഇയാളെ കണ്ടതായി ബിബിസിഎൽ ജീവനക്കാരും മൊഴി നൽകിയിട്ടുണ്ട്. കണ്ണൂർ റെയിൽവേ സ്റ്റേഷൻ സമീപത്ത് മുൻപ് തീയിട്ട ആളാണ് പുഷൻജിത് എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയുടെ സാഹചര്യം ഏതാണ്ട് വ്യക്തമായതോടെ എൻഐഎ അന്വേഷണം പെട്ടെന്ന് ഏറ്റെടുക്കില്ലെന്നാണ് സൂചന. ഇന്നലെ എൻഐഎ ഉദ്യോഗസ്ഥർ സംഭവ സ്ഥലം സന്ദർശിച്ചിരുന്നു.
'അറസ്റ്റ് രേഖപ്പെടുത്തും' : അതേസമയം, കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിന് തീവച്ച സംഭവത്തില്‍ കസ്റ്റഡിയിലുള്ള പശ്ചിമ ബംഗാള്‍ സ്വദേശി പുഷൻജിത് സിദ്ഗറിന്‍റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെ ഉച്ചയോടെയാണ് പുഷൻജിത് സിദ്ഗറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ശാസ്ത്രീയമായ തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യാനുള്ള തീരുമാനത്തിലെത്തിയത്.
ട്രെയിനിന് തീപിടിക്കുന്നതിന് മുമ്പ് ട്രാക്കിന്‍റെ പരിസരത്ത് ഇയാൾ ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇയാളെ പ്രദേശത്ത് കണ്ടതായി ബിബിസിഎൽ ജീവനക്കാരും മൊഴി നൽകിയിരുന്നു. കൂടാതെ, കൂടുതൽ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു.