കേരളം

kerala

ETV Bharat / state

കൊട്ടിയൂർ പീഡനക്കേസ്; വൈദികനെതിരായ വിധി ഇന്ന്

3,000 പേജുള്ള കുറ്റപത്രമാണ് പൊലീസ് കോടതിയിൽ സമർപ്പിച്ചത്. അതിവേഗത്തിൽ വിചാരണ പൂർത്തിയാക്കിയാണ് ഒരു വർഷമെത്തും മുൻപ് തലശ്ശേരി പോക്സോ കോടതി വിധി പ്രഖ്യാപിക്കുന്നത്.

റോബിൻ വടക്കും ചേരി

By

Published : Feb 16, 2019, 8:39 AM IST

കണ്ണൂര്‍: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കൊട്ടിയൂർ പീഡനക്കേസിൽ കത്തോലിക്കാ വൈദികനായിരുന്ന റോബിൻ വടക്കുംചേരിക്കെതിരായ വിധി പ്രഖ്യാപനം ഇന്ന്. പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ കടത്താനും ഒളിപ്പിക്കാനും ശ്രമിച്ച കന്യാസ്ത്രീകളും വയനാട് ശിശുക്ഷേമ സമിതി മുൻ ചെയർമാനും കേസിൽ പ്രതികളാണ്. വിചാരണക്കിടെ പെണ്‍കുട്ടിയും മാതാപിതാക്കളും കൂറുമാറിയതിനാൽ ശാസ്ത്രീയ തെളിവുകൾ ആണ് നിർണായകം.

പള്ളി വികാരിയായിരുന്ന റോബിൻ വടക്കുംചേരി പള്ളിമേടയിൽ എത്തിയ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കി എന്നാണ് കേസ്. വിചാരണക്കിടെ മൊഴി മാറ്റിയ പെൺകുട്ടി ഉഭയകക്ഷി സമ്മതപ്രകാരമാണ് ബന്ധം നടന്നതെന്നും ഈ സമയത്ത് പ്രായപൂർത്തിയായിരുന്നുവെന്നും കോടതിയെ അറിയിച്ചിരുന്നു. റോബിൻ വടക്കുംചേരിക്ക് ഒപ്പം ജീവിക്കണമെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. കേസിലെ പ്രധാന സാക്ഷികളായ പെണ്‍കുട്ടിയുടെ മാതാപിതാക്കളും ഇതേ നിലപാടാണ് സ്വീകരിച്ചത്.

കേസിലെ ഡിഎൻഎ പരിശോധന ഫലത്തെ പ്രതിരോധിക്കാൻ പ്രമുഖ ഡിഎൻഎ വിദഗ്ധനായ അഭിഭാഷകൻ ജി.വി റാവുവിനെയായിരുന്നു റോബിൻ വടക്കുംചേരി രംഗത്തിറക്കിയത്. എന്നാൽ, പൊലീസ് ഹാജരാക്കിയ രേഖകളും കുഞ്ഞിന്‍റെ പിതൃത്വം തെളിയിച്ച ഡിഎൻഎ ഫലവും കേസിൽ നിർണായകമായി.പെൺകുട്ടി കൂറുമാറിയത് പോക്സോ കേസിനെ ബാധിക്കില്ലെന്നാണ് വിലയിരുത്തൽ.

കേസിലുൾപ്പെട്ട വയനാട് ശിശുക്ഷേമ സമിതി മുൻ ചെയർമാൻ ഫാദർ തോമസ് തേരകം അടക്കം ബാക്കി 6 പ്രതികളുടെ കുറ്റം തെളിയിക്കൽ പ്രോസിക്യുഷന് നിർണായകമാണ്. കേസിൽ നിന്നൊഴിവാക്കാൻ ഇവർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും വിചാരണ നേരിടാൻ കോടതി ആവശ്യപ്പെടുകയായിരുന്നു.

ABOUT THE AUTHOR

...view details