കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പില്‍ മൂന്നോളം കടകളില്‍ മോഷണം നടന്നു. പെട്രോള്‍ പമ്പിലും ചിപ്‌സ് കടയിലും തട്ടുകടയിലുമാണ് മോഷണം നടന്നത്. വെള്ളിയാഴ്ച പുലർച്ചയോടെയാണ് തളിപ്പറമ്പിലെ തൃച്ചംബരം എം എൻ രാജീവന്‍റെ ഉടമസ്ഥതയിലുള്ള പെട്രോൾ പമ്പിൽ കവർച്ച ശ്രമം നടന്നത്. പെട്രോൾ പമ്പിന്‍റെ ഗ്ലാസ് ഇഷ്ട്ടിക കൊണ്ട് തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. മോഷ്ടാവിന്‍റെ ദൃശ്യങ്ങൾ പമ്പിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
കണ്ണൂരില്‍ നിരവധി സ്ഥാപനങ്ങളിൽ കവർച്ച; പൊലീസ് അന്വേഷണം ആരംഭിച്ചു
തളിപ്പറമ്പിലെ പെട്രോൾ പമ്പിലും സമീപത്തുള്ള ചിപ്‌സ് കടയിലും തട്ടുകടയിലുമാണ് കവർച്ച നടന്നത്. തളിപ്പറമ്പ് പൊലീസും ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി
പെട്രോൾ പമ്പിന് മുൻവശത്തുള്ള തലോറ സ്വദേശി ശ്രീജിത്തിന്‍റെ ഉടമസ്ഥതയിലുള്ള ഷീബാസ് ചിപ്‌സ് കടയിലും കവർച്ച ശ്രമം നടന്നു. കടയുടെ പിറകുവശത്തെ ജനൽ തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. കടക്കകത്ത് സാധനങ്ങളും ഷെൽഫും വാരിവലിച്ചിട്ട നിലയിലാണ്. സിസിടിവിയിൽ ഷർട്ട് ധരിക്കാത്ത ഒരാളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.
പെട്രോൾ പമ്പിനടുത്തുള്ള തട്ടുകടയിലാണ് മറ്റൊരു കവർച്ച നടന്നത്. ഇവിടെ നിന്നും 1500 രൂപയാണ് നഷ്ടപ്പെട്ടത്. മോഷ്ടാവിന്‍റേതെന്ന് കരുതുന്ന കട്ടിങ് പ്ലയർ സംഭവസ്ഥലത്ത് നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കണ്ണൂരിൽ നിന്നും എത്തിയ ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് സംഘവും കവർച്ച നടന്ന സ്ഥലത്ത് പരിശോധന നടത്തി. തളിപ്പറമ്പ് സിഐ എൻ. കെ സത്യനാഥന്‍റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ജനുവരി 14 ന് തളിപ്പറമ്പിൽ രണ്ട് കവർച്ചകൾ നടന്നിരുന്നു. ആ കേസിലെ പ്രതികളെ പിടികൂടാന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.