കണ്ണൂർ:വർണപ്പകിട്ടാർന്ന നെറ്റിപ്പട്ടമണിഞ്ഞ് പൂരപ്പറമ്പിൽ ഗജവീരന്മാർ തലയെടുപ്പോടെ നിൽക്കുന്നത് കാണാൻ പ്രൗഢി തന്നെയാണ്. ചെമ്പും സ്വർണവും ഉപയോഗിച്ചുണ്ടാക്കുന്ന നെറ്റിപ്പട്ടം, ഉത്സവങ്ങൾക്കും മറ്റും എഴുന്നള്ളിക്കുന്ന ആനകളെ അലങ്കരിക്കാനുള്ള വെറും ആഭരണം മാത്രമല്ല, കേരളത്തിന്‍റെ തനതായ പാരമ്പര്യത്തിന്‍റെ ഏടുകളിലൊന്ന് കൂടിയാണ്. വീടുകളും സ്ഥാപനങ്ങളും അലങ്കരിക്കുന്നതിനായും നെറ്റിപ്പട്ടങ്ങൾ ഉപയോഗിച്ചുപോരുന്നു.
നെറ്റിപ്പട്ട നിർമാണത്തിലൂടെ വരുമാന മാർഗത്തിന് വഴിയൊരുക്കുകയാണ് കണ്ണൂർ ചെമ്പിലോട് തലവിൽ സ്വദേശിയായ ആർ.കെ ഷലിൻ. ഓൺലൈനായി നെറ്റിപ്പട്ട നിർമാണ വീഡിയോകൾ കണ്ടുപഠിച്ചാണ് ഷലിൻ ഈ രംഗത്ത് സജീവമാകുന്നത്. ഷലിൻ ആളൊരു നെറ്റിപ്പട്ട പ്രേമിയാണ്. അതുകൊണ്ട് തന്നെ നെറ്റിപ്പട്ട നിർമാണത്തിലാണ് ഏറെ കമ്പവും.
കരവിരുത് കൈമുതലാക്കി ഷലിൻ: സാധാരണയിൽ നിന്നും വ്യത്യസ്‌തമായി ആവശ്യക്കാർക്ക് വീട്ടിൽ അലങ്കാരത്തിന് വയ്‌ക്കാവുന്ന ഫാൻസി നെറ്റിപ്പട്ടങ്ങളാണ് ഷലിൻ നിർമിക്കുന്നത്. അതിസൂക്ഷ്‌മമായി ഓരോ ഭാഗങ്ങളും ചേർത്ത് വച്ചാണ് നെറ്റിപ്പട്ടത്തിൻ്റെ പൂർത്തീകരണം. അതിനാൽ ഏറെ സമയമെടുത്ത് ക്ഷമയോടെ വേണം നിർമാണത്തിലേർപ്പെടാൻ.