കണ്ണൂർ:ജോലിയിൽ നിന്ന് വിരമിച്ചശേഷം വീട്ടിൽ ബോറടിച്ചിരിക്കുന്നവരാണ് ഏറെയും. എന്നാൽ അവരിൽ നിന്നെല്ലാം വേറിട്ട് നിൽക്കുകയാണ് കണ്ണൂർ സ്വദേശി വിജയൻ മാഷ്. തടിയിൽ മനോഹര ശിൽപങ്ങൾ നിർമിച്ചാണ് കെ വിജയൻ നായർ ശ്രദ്ധേയനാകുന്നത്.
ശിൽപങ്ങൾ തീർക്കുന്നതിൽ തന്‍റേതായ ഒരു ശൈലി തന്നെയുണ്ട് വിജയൻ മാഷിന്. പക്ഷികളുടെയും മൃഗങ്ങളുടെയും രൂപങ്ങളാണ് വിജയൻ നായർ തടിയിൽ തീർക്കുന്നവയിലേറെയും. വിജയൻ മാഷ് അധ്യാപക വൃത്തിയിൽ നിന്നും വിരമിച്ചിട്ട് 28 വർഷമായി.
ദീർഘകാലം കുട്ടികളോടൊപ്പം ചിലവിട്ടതുകൊണ്ടാകാം വിജയൻ മാഷിന്‍റെ ശിൽപങ്ങളിൽ ഒരു കുട്ടിയുടെ മനസുകൂടി ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് തോന്നിപ്പോകും. കുട്ടികളെ ആകർഷിക്കുന്ന തരത്തിലുള്ള എലിയും പൂച്ചയും പാമ്പും കാക്കയും തത്തയുമൊക്കെയാണ് വിജയൻ നായരുടെ ശിൽപങ്ങളിലേറെയും.
ശാസ്‌ത്രീയമായി ചിത്രകല പഠിച്ചിട്ടുള്ള ഇദ്ദേഹത്തിന് പക്ഷേ ശിൽപ കലയിൽ ഗുരുക്കൻമാരാരുമില്ല. സ്വന്തം ശൈലിയിൽ കലയോടുള്ള അഭിനിവേശം കാരണം ഓരോ രൂപങ്ങൾ തീർക്കുന്നു. എന്നാൽ മാഷിന്‍റെ കരവിരുതിൽ നിർമിക്കുന്ന ശിൽപങ്ങളെല്ലാം മനോഹരമാണ്.