കണ്ണൂര്‍: കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായുള്ള ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ ഏപ്രില്‍ ഒന്ന് മുതല്‍ റേഷന്‍ സാധനങ്ങള്‍ കാര്‍ഡ് ഉടമകള്‍ക്ക് വീടുകളിലെത്തിക്കും. റേഷന്‍ കടകളില്‍ ആളുകള്‍ ഒരുമിച്ചു കൂടുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലയില്‍ റേഷന്‍ സാധനങ്ങള്‍ക്ക് ഹോം ഡെലിവറി സംവിധാനം നടപ്പിലാക്കുന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും അതിഥി തൊഴിലാളികള്‍ക്കും ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ തദ്ദേശസ്ഥാപന തലത്തിലും വാര്‍ഡ് തലത്തിലും സമിതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്കായിരിക്കും റേഷന്‍ വീട്ടിലെത്തിക്കാനുള്ള ചുമതല.
കണ്ണൂരില്‍ റേഷന്‍ സാധനങ്ങള്‍ വീട്ടിലെത്തും
ഏപ്രില്‍ ഒന്ന് മുതല്‍ റേഷന്‍ സാധനങ്ങള്‍ക്ക് ഹോം ഡെലിവറി സംവിധാനം നടപ്പിലാക്കും
തദ്ദേശ സ്വയംഭരണസ്ഥാപന ചെയര്‍പേഴ്‌സണ്‍, സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലുള്ള സമിതികള്‍ ഹോം ഡെലിവറി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. റേഷന്‍കട തലത്തില്‍ വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ ജനമൈത്രി പൊലീസ്, കുടുംബശ്രീ പ്രവര്‍ത്തകര്‍, റേഷന്‍ കട ലൈസന്‍സി, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ അടങ്ങുന്ന സമിതിക്കായിരിക്കും ഇതിന്‍റെ നേതൃത്വം. വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ ഒരു ദിവസം ഒരു പ്രദേശത്തെ നിശ്ചിത എണ്ണം വീടുകളില്‍ നിന്നും കാര്‍ഡുകള്‍ ശേഖരിച്ച ശേഷം റേഷന്‍ കടയിലെ സാധനങ്ങള്‍ വാങ്ങി ഓരോ വീട്ടിലും എത്തിച്ചുനല്‍കും. ഇതിനു പുറമെ കണ്ണൂര്‍ കോര്‍പറേഷന്‍ പ്രദേശങ്ങളില്‍ സ്റ്റേ സെയ്‌ഫ് ഹോം ഡെലിവറി സംവിധാനം കൂടി റേഷന്‍ വിതരണത്തിനായി ഉപയോഗപ്പെടുത്തും. മുഴുവന്‍ കാര്‍ഡുടമകളും റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ ഹോം ഡെലിവറി സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ കലക്‌ടര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്‌ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി.സുമേഷ്, എഡിഎം ഇ.പി.മേഴ്‌സി, ജില്ലാ സപ്ലൈ ഓഫീസര്‍ കെ.മനോജ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.