കണ്ണൂർ: പറശ്ശിനിക്കടവിൽ തെരുവ് നായകൾക്ക് അപൂർവ രോഗം. ബസ് സ്റ്റാൻഡിലും പരിസരത്തും അലഞ്ഞു തിരിയുന്ന നായകളിലാണ് അപൂർവ രോഗം കണ്ടെത്തിയത്. പട്ടികളിൽ മാത്രം കണ്ടുവരുന്ന നായ് പൊങ്ങൻ അഥവാ കനൈൻ ഡിസ്റ്റംപർ എന്ന വൈറസ് രോഗമാണ് നായ്കളിൽ കണ്ടെത്തിയതെന്നും ആളുകൾ പരിഭ്രാന്തരാവേണ്ട സാഹചര്യമില്ലെന്നും ആന്തൂർ വെറ്ററിനറി ഡോക്ടർ പി.പ്രിയ അറിയിച്ചു.
ശ്വാസം മുട്ടലും കുരക്കുമ്പോൾ ശബ്ദം കുറഞ്ഞുവരുന്നതും ഭക്ഷണത്തോട് താൽപര്യമില്ലാത്തതുമാണ് പ്രധാന രോഗലക്ഷണങ്ങൾ. ദിവസങ്ങൾ കഴിയുന്തോറും ക്ഷീണിച്ചുവരികയും വായിൽ നിന്ന് നുരയും പതയും വരുന്നതായും കണ്ടെത്തിയിട്ടുണ്ട്. പറശ്ശിനിക്കടവ് ഭാഗങ്ങളിൽ ദിവസങ്ങൾക്കുള്ളിൽ രോഗം ബാധിച്ച നായകളുടെ എണ്ണം കൂടുകയാണ്. വളർത്തു നായകൾക്ക് എത്രയും പെട്ടെന്ന് വാക്‌സിനേഷൻ നടത്തണമെന്നും രോഗം കണ്ടെത്തിയാൽ ചികിത്സ ഫലപ്രദമാകില്ലെന്നും വെറ്ററിനറി ഡോക്ടർ പ്രിയ അറിയിച്ചു. രോഗവ്യാപനം തടയാൻ നടപടികൾ സ്വീകരിക്കുമെന്നും ഡോക്ടർ പ്രിയ പറയുന്നു.