രാമു...കണ്ണൂരിന്‍റെ 'ഹാച്ചിക്കോ' കണ്ണൂർ: കരഞ്ഞു കലങ്ങിയ കണ്ണുകൾ. ശരീരമാകെ തളർന്നിരിക്കുന്നു. കണ്ണൂർ ജില്ല ആശുപത്രി മോർച്ചറിക്ക് മുന്നിൽ വെള്ളയും ചുകപ്പും കലർന്ന ഈ നായ കിടപ്പ് തുടങ്ങിയിട്ട് ആറുമാസത്തിലേറെ ആയി.
രണ്ടാഴ്‌ച മുമ്പ് ആശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാൻ എത്തിയ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് കടന്നു പോയപ്പോഴും ഒരു കൂസലും ഇല്ലാതെ അവൻ അവിടെ തന്നെ കിടന്നു. ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും പുറത്തുള്ളവർക്കും വെറുമൊരു തെരുവുപട്ടിയായി. അതിന്‍റെ പേരിൽ തന്നെയാകും മന്ത്രി എത്തുമ്പോൾ പോലും അവനെ മാറ്റാത്തതിൽ ആശുപത്രി അധികൃതർക്ക് വിശദീകരണം നൽകേണ്ടി വന്നിട്ടുണ്ടാകുക.
പക്ഷെ ഈ നായയുടെ ഈ കിടപ്പിന് പിന്നിൽ ആരുടെയും ഹൃദയം തകർക്കുന്ന, കണ്ണു നനയിക്കുന്ന ഒരു കഥയുണ്ടെന്നത് ആരും അറിഞ്ഞു കാണില്ലല്ലോ. ജില്ല ആശുപത്രിയിലെ അറ്റൻഡർമാരായ രാജേഷ് കുമാറും ഉബൈദുള്ളയുമാണ് ഇവന്‍റെ കിടപ്പിന് പിന്നിലെ കഥ തേടി ഇറങ്ങിയത്. ആശുപത്രിയിൽ ചികിത്സയ്‌ക്ക് വന്ന ആരുടെയോ കൂടെ വന്നതാണ് ഈ നായ.
എന്നാൽ രോഗി മരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ എത്തുന്നത് വരെ ആ നായ അയാളെ പിന്തുടർന്നു. പക്ഷെ യജമാനൻ പുറത്തേക്ക് വന്നില്ല, അതുകൊണ്ട് അവനും അവിടെതന്നെ നിലയുറപ്പിച്ചു. അവനറിയില്ലല്ലോ മൃതദേഹം പുറം വാതിൽ വഴിയാണ് പുറത്തേക്ക് എടുക്കുക എന്ന്.
അന്ന് മുതൽ അവൻ തന്‍റെ യജമാനനെ കാത്തിരിക്കുകയാണ്. മറ്റു പട്ടികൾക്കൊപ്പം കൂടാതെ, ഭക്ഷണം തേടി പോകാതെ അത്രമേൽ വൈകാരികതയോടെ... പേരെന്തെന്നറിയാത്ത നായയെ ആശുപത്രി ജീവനക്കാർ രാമു എന്ന് വിളിച്ചു. അവർ മുട്ടയും ബിസ്‌ക്കറ്റും കൊടുക്കും.
പക്ഷെ അത്ര സന്തോഷത്തോടെ ഒന്നും അവൻ കഴിക്കാറില്ല. അവന്‍റെ യജമാനനോളം വലുതല്ലല്ലോ ഒന്നും. മോർച്ചറി വരാന്തയിൽ കിടക്കുമ്പോൾ ഇന്നേ വരെ ആശുപത്രിയിൽ എത്തുന്നവരെ അവൻ ആക്രമിച്ചിട്ടില്ലെന്ന് ജീവനക്കാർ പറയുന്നു. എന്നാണ് ആ കാത്തിരിപ്പ് അവസാനിക്കുക എന്നൊന്നും അവന് അറിയില്ല. പക്ഷെ സ്‌നേഹത്തിന്‍റെ അതിരുകളില്ലാത്ത കാഴ്‌ച ആണ് രാമു.
ജപ്പാനിലെ 'ഹാച്ചക്കോ' എന്ന നായയുടെ സമാനമായ കഥയാണ് കണ്ണൂർ ജില്ലാ ആശുപത്രിയിലെ മോർച്ചറിക്ക് മുന്നിലെ രാമുവിന്‍റെയും. 88 വർഷം മുമ്പ് ജപ്പാനിലെ ടോക്കിയോ ഇംപീരിയൽ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായിരുന്ന ഹിഡസ്‌ബ്യൂറോ യൂനോയുടെ നായ ആയിരുന്നു ഹാച്ചിക്കോ. ജോലി കഴിഞ്ഞ് മടങ്ങുന്ന യൂനോയെ കാത്ത് ഹാച്ചിക്കോ റെയിൽവേ സ്‌റ്റേഷനിൽ ഇരിക്കുക പതിവായിരുന്നു.
എന്നാൽ അതിനിടെ ട്രെയിനിൽ വച്ച് ഹൃദയാഘാതം വന്ന് യൂനോ മരിച്ചു. പക്ഷേ, ഹാച്ചിക്കോ തന്‍റെ കാത്തിരിപ്പ് തുടർന്നു. സഫലമാകാത്ത കാത്തിരിപ്പിനൊടുവിൽ 1935 മാർച്ച് എട്ടിന് ഹാച്ചിക്കോ മരണംപൂകി. ഹാച്ചക്കോയുടെ ശരീരം യൂനോയുടെ അന്ത്യവിശ്രമസ്ഥലത്തിന് സമീപം അടക്കം ചെയ്‌തു.
ചലച്ചിത്രങ്ങൾക്കും സാഹിത്യ സൃഷ്‌ടികൾക്കും ഹാച്ചിക്കോയുടെ കഥ പ്രചോദനമായി എന്നത് മറ്റൊരു ചരിത്രം. 2020 ഓഗസ്റ്റിൽ പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ ഭക്ഷണവും ഉറക്കവുമില്ലാതെ തന്‍റെ കളിക്കൂട്ടുകാരി ധനുഷ്‌കയുടെ മൃതദേഹം തിരഞ്ഞുനടന്ന നായയായ കുവിയും മലയാളികൾക്ക് നൊമ്പരമായിരുന്നു.