കണ്ണൂര്‍: കോതമംഗലത്ത് ഡെന്‍റല്‍ കോളജ് വിദ്യാഥിനിയെ വെടിവച്ച് കൊലപ്പെടുത്താന്‍ രാഖിൽ തോക്ക് വാങ്ങിയത് ബിഹാറിൽ നിന്നാണെന്ന് പൊലീസിന് സൂചന ലഭിച്ചു. ഇതോടെ, അന്വേഷണം കേരളത്തിന് പുറത്തേക്കും പൊലീസ് വ്യാപിപ്പിച്ചു.
ബിഹാറില്‍ തങ്ങിയത് എട്ട് ദിവസം
ജുലൈ 12ന് സുഹൃത്തിനൊപ്പം എറണാകുളത്ത് നിന്ന് ബിഹാറിലേക്ക് രാഖിൽ പോയതിന്‍റെ വിവരങ്ങൾ പൊലീസിന് ലഭിച്ചു. ഇന്റർനെറ്റില്‍ നിന്നാണ് തോക്ക് ബിഹാറിൽ നിന്നും കിട്ടുമെന്ന് രാഖിൽ മനസിലാക്കിയത്. ബിഹാറിലെത്തിയ യുവാവ് നാലിടങ്ങളിലായി എട്ടു ദിവസം തങ്ങി. ഇതര സംസ്ഥാന തൊഴിലാളികളെ ജോലിക്കായി കൊണ്ടുവരാനാണ് ബിഹാറിലേക്ക് പോകുന്നതെന്നായിരുന്നു നാട്ടിലറിയിച്ചത്.
മാനസയുടെ കുടുംബം നൽകിയ പരാതിയിൽ ജൂലൈ ഏഴിന് പൊലീസ് വിളിപ്പിച്ചതിന് പിന്നാലെയായിരുന്നു ബിഹാർ യാത്ര. രഖിലിന്‍റെ മൊബൈൽ ഫോൺ വിവരങ്ങളും പൊലീസ് പരിശോധിക്കും. കണ്ണൂരിലെത്തിയ അന്വേഷണസംഘം വീട്ടുക്കാരിൽ നിന്നും മൊഴിയെടുത്തു. കൊല നടത്താൻ രാഖിൽ ഉപയോഗിച്ചത് പഴയ തോക്കാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. 7.62 എം.എം പിസ്റ്റളിൽ നിന്നും ഏഴ് റൗണ്ട് വരെ നിറയൊഴിക്കാൻ കഴിയും.