കേരളം

kerala

ETV Bharat / state

Rain Malabar | മലബാറിൽ കനത്ത മഴ, കണ്ണൂരിൽ ഒരു മരണം, ജയിലിന്‍റെ സുരക്ഷ മതിൽ ഇടിഞ്ഞു, കാലവര്‍ഷക്കെടുതി രൂക്ഷം - വെള്ളക്കെട്ടിൽ വീണ് മരണം

മലബാർ മേഖലയിൽ ശക്തമായ മഴയിൽ ജനജീവിതം ദുരിതത്തിൽ. കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് ഒരു മരണം റിപ്പോർട്ട് ചെയ്‌തു

rain malabar  Rain update  Kerala Malabar districts rain  kannur rain  kasaragod rain  kozhikode rain  മലബാറിൽ മഴ  കണ്ണൂരിൽ മള  മതിൽ ഇടിഞ്ഞു  വെള്ളക്കെട്ടിൽ വീണ് മരണം  മഴ
Rain Malabar

By

Published : Jul 5, 2023, 10:58 PM IST

Updated : Jul 5, 2023, 11:04 PM IST

മലബാറിൽ കനത്ത മഴ

ടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുന്നു. കണ്ണൂർ ജില്ലയിൽ സിറ്റി നാലുവയലിലെ വെള്ളക്കെട്ടിൽ വീണ് 50കാരന്‍ മരിച്ചു. താഴത്തെ ഹൗസിൽ ബഷീർ (50) ആണ് മരിച്ചത്. വീടിന് മുന്നിലെ വെള്ളക്കെട്ടിൽ വീണായിരുന്നു അപകടം.

കനത്ത മഴയില്‍ ജില്ലയില്‍ 12 വീടുകള്‍ ഭാഗികമായി തകരുകയും മതിലിടിഞ്ഞ് വീണ് രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്‍റെ സുരക്ഷ മതിലും കനത്ത മഴയില്‍ തകര്‍ന്നു. ജയിലിന്‍റെ പിന്‍വശത്തെ മതില്‍ 30 മീറ്ററോളം നീളത്തിലാണ് ഇടിഞ്ഞത്. എഡിഎം കെ കെ ദിവാകരന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം പരിശോധിച്ചു. ഇന്ന് രാവിലെ ഏഴ് മണിക്ക് ആണ് സംഭവം.

ബ്രിട്ടീഷുകാർ പണിത 150 വർഷത്തിലധികം പഴക്കമുള്ള മതിലാണ് തകർന്നത്. ജയിൽ, റവന്യൂ, പൊതുമരാമത്ത്, പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. തടവുകാരെ തൽക്കാലത്തേക്ക് ജോലികൾക്കായി പുറത്തിറക്കില്ല. മതിൽ പുനർനിർമിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കും. നിലവിൽ ജയിൽ സുരക്ഷ ആംഡ് പൊലീസ് ഏറ്റെടുത്തു.

വാഹനങ്ങൾക്ക് മുകളിൽ മരം വീണ് പരിക്ക് : കണ്ണൂർ പ്ലാസയിൽ ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾക്ക് മുകളിൽ മരം വീണതായും രണ്ട് കാർ, ഒരു ഓട്ടോറിക്ഷ എന്നിവയ്‌ക്ക് കേടുപാട് പറ്റിയതായും റിപ്പോർട്ടുണ്ട്. അപകടത്തിൽ കാറിലുണ്ടായിരുന്ന ഇരിക്കൂർ സ്വദേശിനി വത്സലയ്‌ക്ക് പരിക്കേറ്റിട്ടുണ്ട്. പേരാവൂർ പൊലീസ് സ്റ്റേഷന് മുകളിൽ മരം വീണ് സ്റ്റേഷൻ ഭാഗികമായി തകർന്നിരുന്നു. പൊതുജനങ്ങൾക്ക് സഹായത്തിനായി ജില്ലയിൽ കൺട്രോൾ റൂമുകൾ തുറന്നു.

അപകട ഭീഷണി നേരിടുന്ന പ്രദേശത്ത് നിന്ന് ആളുകളെ മാറ്റി പാർപ്പിക്കാനും നിർദേശം ഉണ്ട്. മലയോര മേഖലകളായ ഇരിട്ടി, പേരാവൂർ, ഉളിക്കൽ, ഇരിക്കൂർ ഭാഗങ്ങളിൽ തുടർച്ചയായി മഴ പെയ്യുന്നതിനാൽ വീടുകൾക്കും നാശനഷ്‌ടമുണ്ടായിട്ടുണ്ട്. കടലിലിറങ്ങുന്ന മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാനിര്‍ദേശം നൽകി.

ജൂലൈ ആറുവരെ കേരള തീരത്തും ജൂലൈ ഏഴുമുതല്‍ ഒമ്പത് വരെ വടക്കന്‍ കേരളത്തിലും ജൂലൈ ഒമ്പത് വരെ ലക്ഷദ്വീപ് തീരത്തും മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും‌ സാധ്യതയുള്ളതിനാല്‍ കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്

മഴ ശക്തമായതിനെ തുടർന്ന് കണ്ണൂർ പഴശ്ശി ഡാമിന്‍റെ മുഴുവൻ ഷട്ടറുകളും ഉയർത്തിയിരിക്കുകയാണ്. അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് നടപടി. 16 ഷട്ടറുകളിൽ 14 എണ്ണം 10 സെന്‍റീമീറ്ററാണ് ഉയർത്തിയത്. കണ്ണൂരിൽ ബീച്ചുകളിലേക്കുള്ള പ്രവേശനം ജില്ല ഭരണകൂടം തടഞ്ഞിട്ടുണ്ട്. പയ്യാമ്പലം മുഴപ്പിലങ്ങാട് ധർമ്മടം ചാൽ ചൂട്ടാട് എന്നീ ബീച്ചുകളിലേക്ക് ആണ് പ്രവേശനം നിരോധിച്ചത്.

തീരദേശ മേഖലയിൽ ജാഗ്രത : ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. കൂടാതെ ജില്ലയിലെ മലയോര മേഖലകളിലേക്ക് രാത്രി 10ന് ശേഷമുള്ള വാഹനഗതാഗതം ഏഴ് വരെ നിരോധിച്ചത് തുടരുകയാണ്. നിരോധനം അവശ്യ സർവീസുകൾക്ക് ബാധകമല്ല.

കണ്ണൂർ നഗരത്തിലെ റോഡുകളും മഴയിൽ ഇടിഞ്ഞുതാഴ്‌ന്നു. കോർപ്പറേഷൻ അടുത്ത കാലത്ത് ടാറിംഗ് നടത്തിയ റോഡുകളാണ് തകർന്നത്. ശ്രീകണ്‌ഠാപുരം ആലക്കോട് നടുവിൽ കല്ല്യാശ്ശേരി തളിപ്പറമ്പ് ഭാഗങ്ങളിലെ റോഡുകളില്‍ ചെളിയും മലിനവെള്ളവും കെട്ടിക്കിടക്കുകയാണ്. തളിപ്പറമ്പ് ബസ്റ്റാൻഡിൽ വെള്ളം കയറി. കാക്കത്തോട് കരകവിഞ്ഞതോടെയാണ് ബസ്റ്റാൻഡിൽ വെള്ളം നിറഞ്ഞത്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി : അതേസമയം കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിൽ പ്രൊഫഷണൽ കോളജ് അടക്കമുളള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും ജില്ല കലക്‌ടർമാർ അവധി നൽകി. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ല.

കാസർകോട് മണ്ണിടിച്ചിലും കടൽക്ഷോഭവും :ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന കാസർകോട് ശക്തമായ മഴ തുടരുകയാണ്. നിർമാണം നടക്കുന്ന ദേശീയ പാതയിൽ മണ്ണിടിച്ചിലുള്ള ചെറുവത്തൂർ വീരമലക്കുന്നിൽ ആശങ്കപ്പെടുത്തുന്ന സാഹചര്യമാണെന്ന് ജില്ല കലക്‌ടർ വിലയിരുത്തി. വീരമലക്കുന്നിന് താഴെ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി.

നിർമാണ പ്രവൃത്തിയിൽ വീഴ്‌ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും കലക്‌ടർ അറിയിച്ചു. പള്ളിക്കര മേഖലയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്. ഒരു കുടുംബത്തെ മാറ്റിപ്പാർപ്പിക്കുകയും ചെയ്‌തു. ജില്ല ഭരണകൂടം ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്നും കലക്‌ടർ അറിയിച്ചു.

അതേസമയം കനത്ത മഴ സാധ്യത തുടരുന്നതിനാൽ റാണിപുരം ഇക്കോ ടൂറിസം കേന്ദ്രം നാളെ ( ജൂലൈ 6) മുതൽ അടച്ചിടും. തുടർച്ചയായ ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് ഡി എഫ് ഒ കെ. അഷ്‌റഫ് അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകും വരെ സഞ്ചാരികൾക്ക് പ്രവേശനമുണ്ടാകില്ല. ട്രെക്കിങ്ങിനെത്തുന്ന സഞ്ചാരികളെ പനത്തടിയിൽ നിന്ന് തിരിച്ചയക്കും.

തൃക്കണ്ണാടും മംഗൽപ്പാടി പെരിങ്കടി കടപ്പുറത്തും കടൽ ക്ഷോഭം രൂക്ഷ മായതിനെ തുടർന്ന് തീരദേശ മേഖലകളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. തൃക്കണ്ണാട് രണ്ട് വീടുകൾ കടൽക്ഷോഭത്തിൽ തകർന്നു. നിരവധി തെങ്ങുകളും മരങ്ങളും കടലെടുത്തു. ഉപ്പള പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ തീരദേശവാസികൾക്ക് ജാഗ്രതാനിർദേശം നൽകി.

മഴയിൽ കടലെടുത്ത് കോഴിക്കോട് :ജില്ലയിൽ ഉച്ചയോടെ മാറി നിന്ന മഴ വൈകിട്ടോടെ ശക്തമായി. തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമാണ്. മയ്യഴിപ്പുഴയുടെ ഭാഗമായ മോന്താൽകടവിൽ കാണാതായ യുവാവിനായി അഗ്നി രക്ഷാസേനയും ചോമ്പാല പൊലീസും തെരച്ചിൽ നടത്തി. തിങ്കളാഴ്‌ച വൈകീട്ട് ഇരുവഴിഞ്ഞി പുഴയിൽ കാണാതായയാളെ ഇതുവരെ കണ്ടെത്താനായില്ല. ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ വടകര ഗവ. ജില്ലാ ആശുപത്രിയുടെ മതിൽ തകർന്നുവീണു. ആർക്കും പരിക്കില്ല.

വയനാട് മഴയിൽ വീട് തകർന്നു :ജില്ലയിൽ പൂതാടിയിൽ വീട് ഭാഗികമായി തകർന്നു. കേണിച്ചിറ കേളമംഗലം നിരപ്പേൽ കരുണന്‍റെ വീടിന്‍റെ പുറക് വശമാണ് തകർന്നത്. വീട്ടുകാർ തൊട്ടടുത്ത വീട്ടിലായിരുന്നതിനാൽ അപകടം ഒഴിവായി. തവിഞ്ഞാൽ മക്കിമലയിൽ കുടുംബത്തെ മാറ്റി പാർപ്പിച്ചു. വീടിന് പുറകിൽ മണ്ണ് അടിച്ചതിനെ തുടർന്നാണ് മാറ്റിപ്പാർപ്പിച്ചത്. കുറുവ ദ്വീപിലേക്കുള്ള പ്രവേശനവും നിരോധിച്ചു.

മലപ്പുറത്ത് 13 വീടുകൾ തകർന്നു :മലപ്പുറം ജില്ലയിൽ മഴ കുറഞ്ഞു. പൊന്നാനി, താനൂർ തീരങ്ങളിൽ കടൽക്ഷോഭത്തിനും ആശ്വാസം. മരം വീണും മണ്ണിടിഞ്ഞും 13 വീടുകൾ തകർന്നു. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഒറ്റ ദിവസം 86.33 മില്ലിമീറ്റർ മഴയാണ് മലപ്പുറത്ത് ലഭിച്ചത്.

Last Updated : Jul 5, 2023, 11:04 PM IST

ABOUT THE AUTHOR

...view details