കണ്ണൂർ: പട്ടുവം വില്ലേജ് ഓഫീസർക്കെതിരെ ആരോപണവുമായി പുലയൻ സമുദായ സംഘം. സർക്കാരും സംസ്ഥാന പട്ടികജാതി-പട്ടിക ഗോത്രവർഗ കമ്മിഷനും പുലയൻ സമുദായ സംഘത്തിന് സൗജന്യമായി പതിച്ച് നൽകാൻ നിർദ്ദേശിച്ച ഹരിജൻ തറ സംബന്ധിച്ച നടപടികൾ സ്വീകരിക്കാൻ പട്ടുവം വില്ലേജ് ഓഫീസർ തയ്യാറാകുന്നില്ലെന്നാണ് പരാതി. ഇതേക്കുറിച്ചുള്ള റിപ്പോർട്ട് വില്ലേജ് ഓഫീസർ ബോധപൂർവം വൈകിപ്പിക്കുകയാണെന്നാരോപിച്ച് ഡിസംബർ നാലിന് വില്ലേജ് ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ നടത്തുമെന്ന് സമുദായ സംഘം ഭാരവാഹികൾ അറിയിച്ചു.
പട്ടുവം വില്ലേജ് ഓഫീസർക്കെതിരെ ആരോപണവുമായി പുലയൻ സമുദായ സംഘം - protest by Pulayan community group
പുലയൻ സമുദായ സംഘത്തിന് സൗജന്യമായി പതിച്ച് നൽകാൻ നിർദ്ദേശിച്ച ഹരിജൻ തറ സംബന്ധിച്ച നടപടികൾ സ്വീകരിക്കാൻ പട്ടുവം വില്ലേജ് ഓഫീസർ തയ്യാറാകുന്നില്ലെന്നാണ് ആരോപണം
![പട്ടുവം വില്ലേജ് ഓഫീസർക്കെതിരെ ആരോപണവുമായി പുലയൻ സമുദായ സംഘം പുലയൻ സമുദായ സംഘം Pulayan community group allegation against pattuvam village officer protest by Pulayan community group പട്ടുവം വില്ലേജ് ഓഫീസർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9688274-thumbnail-3x2-asgfsd.jpg)
അയിത്തം നിലനിന്ന കാലത്ത് പുലയ സമുദായക്കാർക്ക് ആദ്യത്തെ മദിരാശി പ്രവിശ്യ ഗവൺമെന്‍റ് അനുവദിച്ച് നൽകിയതാണ് പട്ടുവം യുപി സ്കൂളിന് സമീപത്തെ നാല് സെന്‍റ് ഹരിജൻതറ. അതിനു ശേഷം പട്ടുവത്തെ പുലയസമുദായക്കാർ തങ്ങളുടെ പൊതുപരിപാടികൾക്ക് ഈ തറ ഉപയോഗിക്കുകയായിരുന്നു. 1989 ൽ ഈ സ്ഥലം രേഖാമൂലം പതിച്ച് നൽകണമെന്ന് അന്നത്തെ ഭാരവാഹികൾ സർക്കാരിന് നിവേദനം നൽകി. അതിന്‍റെ അടിസ്ഥാനത്തിൽ 18,400 രൂപ കമ്പോള വില അടച്ച് സ്ഥലം പതിച്ച് നൽകാൻ ഉത്തരവായെങ്കിലും സമയബന്ധിതമായി പണമടക്കാൻ ഇവർക്ക് സാധിച്ചില്ല.
2010ൽ ഇത് സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികളോട് സൗജന്യമായി സ്ഥലം നൽകണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു നിവേദനവും നൽകി. തുടർന്ന് ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറി ജില്ലാ കലക്ടർക്ക് നിർദ്ദേശവും നൽകി. വിശദമായ പ്രപ്പോസൽ നൽകാൻ വില്ലേജ് ഓഫീസർക്ക് വന്ന കത്തിൽ മൂന്ന് മാസം കഴിഞ്ഞിട്ടും യാതൊരുവിധ നടപടികളും എടുക്കുന്നില്ലെന്നാണ് പുലയ സമുദായ സംഘം ഭാരവാഹികളുടെ ആരോപണം. പുലയൻ സമുദായ സംഘം പ്രസിഡന്‍റ് ഇ ഗോപാലൻ സർക്കാർ അംഗീകരിച്ച ഭൂമിയെ സംബന്ധിച്ച വിശദമായ പ്രൊപ്പോസൽ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടും വില്ലേജ് ഓഫീസർ മനപ്പൂർവം കാലതാമസം വരുത്തുകയാണ്. ഈ സാഹചര്യത്തിലാണ് പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നതെന്നും പുലയൻ സമുദായ സംഘം ഭാരവാഹികൾ പറഞ്ഞു. തളിപ്പറമ്പിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രസിഡന്‍റ് ഇ ഗോപാലൻ, സെക്രട്ടറി ഒ രവീന്ദ്രൻ, സി കണ്ണൻ, ടി രമേശൻ, കെ കെ കൃഷ്ണൻ എന്നിവർ പങ്കെടുത്തു.