കണ്ണൂര്‍:കാങ്കോൽ ആലപ്പടമ്പിൽ കുന്നിടിച്ചു കടത്തൽ വ്യാപകമെന്ന് പരാതി. കാങ്കോൽ സ്വാമിമുക്ക്, മാത്തിൽ റോഡിലെ കോട്ടക്കുന്ന് ഇടിച്ചു നീക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തുവന്നു. മണ്ണ് ഖനനം എന്തുവില കൊടുത്തും ചെറുക്കുമെന്നാണ് നാട്ടുകാർ പറയുന്നത്.
നിരവധി കുന്നുകളുണ്ടായിരുന്ന നാടാണ് കാങ്കോൽ, ആലപ്പടമ്പ് ഗ്രാമപഞ്ചായത്ത്. എന്നാലിന്ന് ഇടിക്കുകയും തുരക്കുകയും ചെയ്യാത്ത കുന്നുകളൊന്നും ഇവിടെയില്ല. പയ്യന്നൂർ, തൃക്കരിപ്പൂർ, കല്യാശേരി മണ്ഡലങ്ങളിലെ വിവിധ നിർമാണ പ്രവർത്തനങ്ങൾക്കും ചതുപ്പുകൾ നികത്താനും വരെ ടിപ്പറുകളെത്തുന്നത് കരിവെള്ളൂരിനും കിഴക്കുള്ള കാങ്കോൽ, ആലപ്പടമ്പയിലേക്കാണ്. അപൂർവം ചിലയിടങ്ങളിൽ മാത്രമാണ് കുന്നിടിക്കലിനെതിരെ നേർത്ത പ്രതിഷേധമെങ്കിലും ഉണ്ടാകുന്നത്.