കോഴിത്തീറ്റ ക്ഷാമം രൂക്ഷം; കർഷകർ പ്രതിസന്ധിയിൽ - ലോക്‌ഡൗൺ
ലോക്‌ഡൗൺ പ്രഖ്യാപിച്ചതോടെ കോഴിത്തീറ്റ കിട്ടാതെ കർഷകർ പ്രതിസന്ധിയിൽ. അവശ്യ സർവ്വീസിൽ ഉൾപ്പെടുത്താത്തത് പ്രതിസന്ധി രൂക്ഷമാക്കുന്നു, സർക്കാർ പ്രശ്‌നത്തിൽ ഇടപെടണം
കണ്ണൂർ: ലോക്‌ഡൗൺ പ്രഖ്യാപിച്ചതോടെ കോഴിത്തീറ്റ കിട്ടാതെ കർഷകർ പ്രതിസന്ധിയിൽ. കോഴിത്തീറ്റ കിട്ടാതായതോടെ ജില്ലയിലെ ചെറുതും വലുതുമായ ഫാമുകളിൽ കോഴികൾ ചത്തൊടുങ്ങുന്നു. അവശ്യസർവ്വീസിൽ കോഴിത്തീറ്റ ഉൾപ്പെടുത്താതതിനാൽ സംസ്ഥാന ചെക്ക്പോസ്റ്റിൽ നിന്നും കടത്തിവിടുന്നില്ലെന്നാണ് വ്യാപാരികളുടെ പരാതി. തീറ്റ ലഭിക്കാത്തായതോടെ കോഴികളുടെ തൂക്കം കുറഞ്ഞിരിക്കുകയാണെന്ന് കർഷകർ പറയുന്നു. വിൽപനയ്ക്ക് പ്രായമായ കോഴികൾ ചത്തൊടുങ്ങുന്നത് കർഷകർക്ക് വൻ സാമ്പത്തിക നഷ്‌ടം ഉണ്ടാക്കും. ഈ മാസം ആദ്യം പക്ഷി പനിയുടെ പേരിൽ പൊടുന്നനെ കോഴിക്ക് വിലയിടിഞ്ഞത് കർഷകർക്ക് വലിയ ആഘാതമായിരുന്നു. അതിനിടെയാണ് പുതിയ പ്രതിസന്ധി. രണ്ട് ദിവസം കൂടി തൽസ്ഥിതി തുടർന്നാൽ മുഴുവൻ കോഴികളും ചത്തു വീഴുമെന്നാണ് കർഷകർ പറയുന്നത്. കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടാതെ അടിയന്തരമായി സർക്കാർ പ്രശ്‌നത്തിൽ ഇടപെട്ട് തീറ്റ ലഭ്യമാക്കണമെന്നാണ് കർഷകരുടെ ആവശ്യം.