കണ്ണൂര്‍: പയ്യാവൂരിൽ മകനെ അച്ഛൻ കുത്തിക്കൊലപ്പെടുത്തിയത് ആസൂത്രിത കൊലപാതകമെന്ന് പൊലീസ്. വീട്ടിൽ നിരന്തരം മദ്യപിക്കുന്നത് ചോദ്യം ചെയ്തതിനാണ് ഇരുപതുകാരനായ ഷാരോണിനെ അച്ഛൻ ആക്രമിച്ചത്. സ്ഥിരം മദ്യപാനിയായ സജി മക്കളുമായി പല കാര്യങ്ങൾക്കും വഴക്കിടുമായിരുന്നു. പുറത്ത് നിന്ന് ആളുകളെ വീട്ടിൽ കൂട്ടികൊണ്ടു വന്ന് മദ്യപിക്കുന്നതിനെ മകൻ എതിർത്തിട്ടുണ്ട്. പട്ടിക്ക് തീറ്റ കൊടുത്തില്ലെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം സജിയും മകൻ ഷാരോണും തമ്മിൽ തർക്കമുണ്ടായി. വഴക്ക് പിടിവലിയിലെത്തിയതോടെ സജിയുടെ നെറ്റിയില്‍ പരിക്കേറ്റു. ഇതാണ് മകനോടുള്ള വൈരാഗ്യത്തിന് കാരണമായതെന്നും തുടർന്നാണ് മകനെ കൊല്ലണമെന്ന ഉദ്ദേശത്തോടെ കത്തി വാങ്ങി സജി വൈകിട്ട് വീട്ടിലെത്തിയതെന്നും പൊലീസ് പറയുന്നു.
പയ്യാവൂരിലെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ് - saji
കഴിഞ്ഞ ദിവസം തർക്കമുണ്ടായതിന്‍റെ വൈരാഗ്യത്തിലാണ് മകനെ കൊലപ്പെടുത്താൻ സജി തീരുമാനിച്ചത്

പയ്യാവൂരിലെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്
ശനിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് പയ്യാവൂർ ഉപ്പ് പടന്നയിൽ കൊലപാതകം നടന്നത്. മദ്യലഹരിയിൽ വീട്ടിലെത്തിയ സജി മകൻ ഷാരോണിനെ വട്ടം പിടിച്ച് പിറകിൽ രണ്ട് തവണയാണ് ആഞ്ഞ് കുത്തിയത്. പരിക്കേറ്റ ഷാരോണിനെ ആദ്യം പയ്യാവൂരിലെ ആശുപത്രിയിലേക്കും തുടർന്ന് കണ്ണൂരിലേക്കും കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. സജിയും രണ്ട് മക്കളും മാത്രമാണ് വീട്ടിൽ താമസം. അമ്മ അഞ്ച് വർഷമായി വിദേശത്ത് ഹോം നഴ്‌സാണ്. കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.