കണ്ണൂർ: ചക്കരക്കല്ല് ഏച്ചൂരിൽ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയ നിർമാണ തൊഴിലാളിയുടേത് കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ മാവിലാച്ചാൽ പടയമ്പേടത്ത് സന്തോഷിനെ ചക്കരക്കല്ല് പൊലീസ് അറസ്റ്റ് ചെയ്തു. മാവിലാച്ചാലിലെ കെ. സിനോജിനെ (43) കൊലപ്പെടുത്തിയതായി പ്രതി സമ്മതിച്ചതെന്നും പൊലീസ് വ്യക്തമാക്കി. സന്തോഷിന്‍റെ വീടിന് മുന്നിൽ സിനോജും സുഹൃത്തുക്കളും ഷെഡ് കെട്ടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മുച്ചിലോട്ട് ഭഗവതീ ക്ഷേത്രത്തിന് സമീപത്തെ വയലിൽ ജൂൺ 22നാണ് മൃതദേഹം കണ്ടെത്തിയിരുന്നത്.
ചക്കരക്കല്ലിൽ മരിച്ച നിർമാണ തൊഴിലാളിയുടേത് കൊലപാതകമെന്ന് പൊലീസ്
സന്തോഷിന്‍റെ വീടിന് മുന്നിൽ സിനോജും സുഹൃത്തുക്കളും ഷെഡ് കെട്ടുന്നതുമായി ബന്ധപ്പെട്ട തർക്കം കൊലപാതകത്തിൽ കലാശിച്ചു. കേസിൽ അറസ്റ്റിലായ സന്തോഷിനെ മർദിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്ന് സന്തോഷിന്‍റെ കുടുംബം ആരോപിച്ചു.
പോസ്റ്റ്‌മാർട്ടം റിപ്പോർട്ടിൽ മരണകാരണം കഴുത്തിലുണ്ടായ ക്ഷതമാണെന്ന് തെളിഞ്ഞതോടെ സിനോജിന്‍റേത് കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിച്ചു. കൊല്ലപ്പെട്ടയാളുടെ കൈകളിൽ നിന്ന് ലഭിച്ച മുടി ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയതുൾപ്പടെയുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സന്തോഷിലേക്ക് അന്വേഷണം നീണ്ടത്. ഡിവൈഎസ്‌പി പി. പി സദാനന്ദൻ്റെ നിർദേശപ്രകാരം ചക്കരക്കൽ സിഐ പ്രമോദും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അതേ സമയം, പ്രതി ചേർക്കപ്പെട്ട സന്തോഷിനെ പൊലീസ് കള്ളക്കേസിൽ കുടുക്കിയതാണെന്ന് ആരോപിച്ച് സഹോദരൻ രംഗത്തെത്തിയിട്ടുണ്ട്. തെളിവുകൾ കൃത്രിമമാണെന്നും സന്തോഷിനെ പൊലീസ് മർദിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്നും സഹോദരൻ സുരേഷ് ബാബു ആരോപിച്ചു. തുടക്കത്തിൽ തന്നെ സന്തോഷിനെ പ്രതിചേർക്കുന്ന തരത്തിലായിരുന്നു പൊലീസിൻ്റെ അന്വേഷണം. സന്തോഷിനെ നിരന്തരം സ്റ്റേഷനിലേക്ക് വിളിപ്പിച്ച് മണിക്കൂറുകളോളം ചോദ്യം ചെയ്തു. മർദിച്ചും ഭീഷണിപ്പെടുത്തിയുമാണ് കുറ്റം സമ്മതിപ്പിച്ചത്. സിനോജും സുഹൃത്തുക്കളും കെട്ടിയ ടെന്‍റ് പൊളിച്ചെന്ന് പറയുന്ന സംഭവത്തിലുള്ളവരെയെല്ലാം ചോദ്യം ചെയ്തിട്ടില്ല. പൊലീസിൻ്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്നും സുരേഷ് ബാബു ആരോപിച്ചു. കഴിഞ്ഞ ദിവസം സന്തോഷിൻ്റെ ഭാര്യയേയും മകളെയും ഡിവൈഎസ്പി ഓഫീസിൽ വിളിച്ചു വരുത്തി രാവിലെ 11 മുതൽ വൈകിട്ട് ആറു മണി വരെ ചോദ്യം ചെയ്ത് അവരെ മാനസികമായി തളർത്തിയെന്ന് സുരേഷ് ബാബു പറഞ്ഞു. പൊലീസിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാനും അതിനായി മുഖ്യമന്ത്രിക്കും കണ്ണൂർ എസ്പിക്കും പരാതി നൽകാനുമാണ് സന്തോഷിന്‍റെ കുടുംബത്തിന്‍റെ തീരുമാനം.