കണ്ണൂര്‍: ജില്ലയിലെ ചെറുപുഴ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത കരിങ്കല്‍ ക്വാറികളില്‍ പൊലീസ് മിന്നല്‍ പരിശോധന നടത്തി. തളിപ്പറമ്പ് ഡി.വൈ.എസ്.പി ടി.കെ രത്നകുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തിയത്. ചെറുപുഴ പെരുവട്ടത്തെ ക്വാറി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ലൈസന്‍സ് ഇല്ലാതെ അനധികൃതമായി സ്ഫോടനം നടത്തിയിരുന്ന രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങോം കൊരങ്ങാട് സ്വദേശികളായ ചൂരിക്കാടന്‍ വിജയന്‍ (47), കുണ്ടം പഴയപുരയില്‍ മുത്തലീബ് (44) എന്നിവരാണ് അറസ്റ്റിലായത്. ലൈസന്‍സ് ഇല്ലാതെ സ്ഫോടനം നടത്തുന്ന നിരവധി പേര്‍ ഈ മേഖലയില്‍ പ്രവര്‍ത്തിച്ച് വരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ക്വാറികളില്‍ ആര്‍ക്കും സ്ഫോടനം നടത്താനുള്ള ലൈസന്‍സ് ഇല്ലെന്നും പൊലീസ് വ്യക്തമാക്കി.
കരിങ്കല്‍ ക്വാറികളില്‍ പൊലീസിന്‍റെ മിന്നല്‍ പരിശോധന - Police check
ലൈസന്‍സ് ഇല്ലാതെ സ്ഫോടനം നടത്തുന്ന നിരവധി പേര്‍ ചെറുപുഴ മേഖലയില്‍ പ്രവര്‍ത്തിച്ച് വരുന്നതായി പൊലീസിന് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന
ചപ്പാരപ്പടവ് തടക്കടവിലെ ജോയി കൊച്ചുകുന്നേല്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ചെറുപുഴ പെരുവട്ടത്തെ 64 ഏക്കറോളം വരുന്ന കരിങ്കല്‍ ക്വാറി. ഒരു ദിവസം നൂറിലധികം ലോഡുകളാണ് ഇവിടെ നിന്നും കൊണ്ട് പോകുന്നത്. കുറഞ്ഞത് അഞ്ച് ലക്ഷം രൂപയോളം ഇതില്‍ നിന്നും ക്വാറി ഉടമക്ക് ലഭിക്കുന്നുണ്ട്. അസമയങ്ങളിലാണ് ക്വാറിയില്‍ സ്ഫോടനം നടത്തുക. പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധത്തില്‍ രണ്ട് മാസം മുമ്പ് ചെറുപുഴ ഈയ്യം കല്ല് ക്വാറി അടച്ച് പൂട്ടിയിരുന്നു. ഇതിന് തൊട്ടുമുകളിലാണ് പെരുവട്ടം ക്വാറി പ്രവര്‍ത്തിക്കുന്നത്. സംഭവത്തില്‍ ഉടമക്കെതിരേയും കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.