കണ്ണൂർ: തളിപ്പറമ്പിൽ നിര്‍ത്തിയിട്ട കാറില്‍ നിന്നും മോഷ്ടിച്ച എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് 70,000 രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയില്‍. പുളിമ്പറമ്പ് ലക്ഷം വീട് കോളനിയിലെ ഗോകുല്‍(22) ആണ് അറസ്റ്റിലായത്.
ഏപ്രിൽ ഒന്നിനാണ് കേസിനാസ്‌പദമായ സംഭവം. പ്രതി ബക്കളത്തെ സ്‌നേഹ ഇന്‍ ബാറിന് മുന്‍വശം നിര്‍ത്തിയിട്ട ചൊക്ലി സ്വദേശിയായ മനോജ് കുമാറിന്‍റെ കെ.എല്‍. 58 എ.എ. 5720 കാറില്‍ നിന്നും എടിഎം മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. മോഷ്ടിച്ച എടിഎം കാര്‍ഡ് ഉപയോഗിച്ച് രണ്ട് തവണകളിലായി 5000 വീതവും ഒരു തവണ 60,000 രൂപയും കവര്‍ന്നു. കാർഡിന്‍റെ പിറകിൽ പിൻ നമ്പർ രേഖപ്പെടുത്തിയതിനാൽ പ്രതിക്ക് പണം എളുപ്പത്തില്‍ പിൻവലിക്കാനായി. 60,000 രൂപയ്ക്ക് തളിപ്പറമ്പിലെ ഒരു കടയിൽ നിന്നും ഐഫോൺ വാങ്ങുകയും മറ്റൊരു കടയിൽ അത് മറിച്ചു വിൽക്കുകയും ചെയ്തു.