കണ്ണൂർ: കണ്ണൂരിൽ പൊലീസിനോട് നേരിട്ട് ഏറ്റുമുട്ടാനൊരുങ്ങി സിപിഎം പ്രവർത്തകർ. മുൻ ബ്രാഞ്ച് സെക്രട്ടറിയെ കാപ്പ ചുമത്തി നാട് കടത്തിയ സംഭവത്തിലാണ് പരസ്യ പ്രതിഷേധം. കണ്ണൂർ ചമ്പാട് കെ സി കെ നഗർ ബ്രാഞ്ച് കമ്മിറ്റി അംഗവും മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ മീത്തലെ ചമ്പാട്ടെ കണിയാൻ ഹൗസിൽ രാകേഷിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് കാപ്പ ചുമത്തി നാടുകടത്തിയത്.
സ്ഫോടക വസ്‌തു കൈകാര്യം ചെയ്യൽ, ദേഹോപദ്രവം, വീടാക്രമിക്കൽ, അന്യായമായി ലഹള നടത്തല്‍ തുടങ്ങിയ കേസുകളിൽ പ്രതിയായിരുന്നു രാകേഷ്. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ അജിത് കുമാര്‍ നല്‍കിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ റേഞ്ച് ഡിഐജിയുടെ ഉത്തരവുപ്രകാരമാണ് നാടുകടത്തിയത്. കണ്ണൂർ ജില്ലയിൽ പ്രവേശിപ്പിക്കുന്നത് ആറുമാസത്തേക്ക് തടഞ്ഞു കൊണ്ടായിരുന്നു ഉത്തരവ്.
തെരുവിലിറങ്ങി അണികൾ: നാട് കടത്തിയ വാർത്ത പുറത്തുവന്നതിന് പിന്നാലെ രാകേഷിനെ പിന്തുണച്ച് ചമ്പാട്ട് പൊലീസിനെതിരെ സ്ത്രീകൾ അടക്കമുള്ള സിപിഎം പ്രവർത്തകർ തെരുവിൽ ഇറങ്ങുകയായിരുന്നു. പാർട്ടി നിർദേശം ലംഘിച്ചാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എഴുപതോളം പ്രവർത്തകർ കഴിഞ്ഞ ദിവസം രാത്രി പ്രതിഷേധ പ്രകടനം നടത്തിയത്.
എന്നാൽ, സിപിഎമ്മിന്‍റെയോ യുവജന സംഘടനകളുടെയോ നേതാക്കളാരും പ്രകടനത്തിൽ പങ്കെടുത്തില്ലെങ്കിലും രാകേഷിന്‍റെ സുഹൃത്തുക്കൾ മാത്രമാണ് പ്രകടനത്തിൽ പങ്കെടുത്തതെന്നാണ് നിലവിൽ ബ്രാഞ്ച് സെക്രട്ടറിയുടെ വിശദീകരണം. ഇത്തരം കരി നിയമങ്ങൾ പൊലീസ് പ്രയോഗിക്കുന്നതിനോട് എതിർപ്പുണ്ടെന്നും അനാവശ്യമായി ഇത്തരം കേസുകൾ എടുത്താൽ കേരളത്തിലെ സകല ഘടകങ്ങളിലെ പ്രവർത്തകരും നേതാക്കളും നാടുകടത്തപ്പെടുമെന്നും സിപിഎം പ്രാദേശിക നേതൃത്വം പറയുന്നു. ഇതേതുടര്‍ന്ന് സിപിഎം പ്രാദേശിക നേതൃത്വം പൊലീസിനെതിരെ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്.