കണ്ണൂർ: പരിയാരത്ത് പതിനേഴുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ വയോധികനുള്‍പ്പെടെ മൂന്നുപേരെ പരിയാരം പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു. ഏമ്പേറ്റ് സ്വദേശികളായ വാസു ( 62), കുഞ്ഞിരാമന്‍ (74), മോഹനന്‍ (54) എന്നിവരെയാണ് സിഐ കെ.വി ബാബുവിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനയ്ക്ക് ശേഷം പയ്യന്നൂർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
പരിയാരത്ത് പതിനേഴുകാരനെ പീഡിപ്പിച്ച സംഭവം; മൂന്ന് പേർ അറസ്റ്റിൽ - പ്രകൃതി വിരുദ്ധ പീഡനം
2017 മുതലാണ് ആൺകുട്ടിയെ പീഡിപ്പിച്ചത്. പയ്യന്നൂർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.
2017 ഏപ്രിലിൽ പല തവണയായി കുട്ടിയെ പ്രലോഭിപ്പിച്ച് ഏമ്പേറ്റിലെ വാസുവിന്‍റെ വീട്ടിൽ കൊണ്ടുപോയി പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇതിന് ശേഷമാണ് കുട്ടിയുടെ ബന്ധുകൂടിയായ കുഞ്ഞിരാമൻ ജൂണ്‍ 24ന് വീട്ടിലേക്ക് കൊണ്ടുപോയി പീഡനത്തിരയാക്കിയത്. തുടർന്ന് ഓഗസ്റ്റ് ഏഴിന് മോഹനനും കുട്ടിയെ ഏമ്പേറ്റിലെ വിജനമായ റോഡ് സൈഡിലെ കാട്ടിൽ കൊണ്ടുപോയി പീഡനത്തിന് ഇരയാക്കി. ഈ സംഭവങ്ങൾക്ക് ശേഷം കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ബന്ധു കുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ് ചൈൽഡ് ലൈനിന് പരാതി നൽകുകയായിരുന്നു. തുടർന്ന് പരിയാരം പൊലീസ് മൂന്ന് പ്രതികളെയും പിടികൂടി. മൂവരും പണം നൽകിയാണ് പല തവണയായി കുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറഞ്ഞു.