കണ്ണൂര്‍:പ്ലാസ്റ്റിക് നിരോധനത്തെ തുടർന്ന് തളിപ്പറമ്പ റവന്യൂ ഡിവിഷന് കീഴിൽ നഗരസഭാ ഉദ്യോഗസ്ഥർ പരിശോധന കർശനമാക്കി. വെള്ളിയാഴ്ച രാവിലെ തളിപ്പറമ്പ മാർക്കറ്റ് പരിസരത്ത് നടത്തിയ പരിശോധനയിൽ ഏഴര കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി. 10000 രൂപവീതം പിഴയടക്കാൻ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. സബ് കലക്‌ടർ ഇലക്യ ഐഎഎസ് വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ പ്ലാസ്റ്റിക് നിരോധനം കർശനമാക്കാൻ നഗരസഭാ, പഞ്ചായത്ത് അധികൃതർക്ക് കർശന നിർദേശം നൽകിയിരുന്നു.
പ്ലാസ്റ്റിക് നിരോധനം; തളിപ്പറമ്പില്‍ പരിശോധന ശക്തം
തളിപ്പറമ്പ മാർക്കറ്റ് പരിസരത്ത് നടത്തിയ പരിശോധനയിൽ ഏഴര കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി
ജനുവരി ഒന്ന് മുതൽ പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നുവെങ്കിലും ജനുവരി 15 വരെ ബോധവൽക്കരണ പരിപാടികളും അതിനുശേഷം നടപടിയെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരുന്നത്. അതേസമയം വെള്ളിയാഴ്ച മുതൽ കർശനമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ നിർദേശം വന്നതിനെ തുടർന്ന് നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങൾ പിടിച്ചെടുക്കുകയും പിടിച്ചെടുക്കുന്ന ഉൽപ്പന്നങ്ങൾക്ക് 10000രൂപ പിഴ ഈടാക്കുകയും ചെയ്യാനാണ് തീരുമാനമെന്നും ഹെൽത്ത് ഇൻസ്‌പെക്ടർ ബൈജു പറഞ്ഞു. മന്ന ഭാഗത്ത് നടത്തിയ പരിശോധനയിൽ മൂന്ന് കിലോ പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങൾ പിടിച്ചെടുത്തു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എസ് അബ്‌ദുറഹ്മാൻ, ബിജോ പി.ജോസഫ്, എൻ.രാഖി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കാനാണ് തീരുമാനം.