കണ്ണൂർ :മുസ്‌ലിം ലീഗിന്‍റെ വഖഫ് സംരക്ഷണ സമ്മേളനത്തില്‍ തനിക്കും കുടുംബത്തിനുമെതിരായി നേതാക്കള്‍ ഉന്നയിച്ച അധിക്ഷേപത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചെത്തുകാരന്‍റെ മകനായതില്‍ അഭിമാനിക്കുന്നു. വർഗീയ വികാരം ഇളക്കി വിടാനാണ് മുസ്‌ലിം ലീഗ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം കണ്ണൂര്‍ ജില്ല സമ്മേളനത്തിന്‍റെ, പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു പിണറായി. നിങ്ങളുടെ സംസ്‌കാരം എന്താണെന്ന് കോഴിക്കോട്ടെ വേദിയില്‍ കേരളം കണ്ടതാണ്. എന്തിനാണ് നിങ്ങള്‍ക്ക് ഇത്ര വലിയ അസഹിഷ്‌ണുത. വഖഫ് ബോര്‍ഡിന്‍റെ പ്രശ്‌നവുമായി ബന്ധപ്പെട്ട് നിങ്ങള്‍ എന്തിനാണ് പാവപ്പെട്ട എന്‍റെ അച്ഛനെ പറയുന്ന നിലയുണ്ടായത്.
'സംസ്‌കാരം കുടുംബത്തില്‍ നിന്ന് തുടങ്ങണം'
അദ്ദേഹം എന്ത് തെറ്റാണ് നിങ്ങളോട് ചെയ്‌തത്. ചെത്തുകാരനായതാണോ തെറ്റ്. ഞാനിതിന് മുമ്പ് പലവേദികളിലും പറഞ്ഞതാണ്. ആ ചെത്തുകാരന്‍റെ മകനായതില്‍ അഭിമാനിക്കുന്നു. നിങ്ങള്‍ ആരെ തോണ്ടാനാണ് ഇത് പറയുന്നത്. ചെത്തുകാരന്‍റെ മകനാണെന്ന് കേട്ടാല്‍ പിണറായി വിജയന്‍ എന്ന എനിക്ക് വല്ലാത്ത വിഷമം ആകുമെന്നാണോ ചിന്തിക്കുന്നത്.
നിങ്ങള്‍ പറഞ്ഞ മറ്റു കാര്യങ്ങളിലേക്ക് ഞാനിപ്പോള്‍ കൂടുതലൊന്നും കടക്കുന്നില്ല. ഓരോരുത്തരും അവരുടെ സംസ്‌കാരത്തിനനുസരിച്ച് കണ്ട് ശീലിച്ച കാര്യങ്ങള്‍ പറയുന്നതാണെന്നേ വിലയിരുത്താന്‍ പറ്റൂ. അത്തരം ആളോട് എനിക്ക് ഒന്നേ പറയാനുള്ളൂ. അമ്മയേയും പെങ്ങളേയും തിരിച്ചറിയണം. ആദ്യം അതാണ് വേണ്ടത്.
ALSO READ:ഗവർണറുമായി ഏറ്റുമുട്ടാനില്ല, അദ്ദേഹത്തിന്‍റേത് ഒന്നും നടക്കരുതെന്ന് ആഗ്രഹിക്കുന്നവരെ സഹായിക്കുന്ന നിലപാടെന്നും മുഖ്യമന്ത്രി
കുടുംബത്തില്‍ നിന്ന് സംസ്‌കാരം തുടങ്ങണം. ആ പറഞ്ഞയാള്‍ക്ക് അതുണ്ടോയെന്ന് സഹപ്രവര്‍ത്തകര്‍ ആലോചിച്ചാല്‍ മതി. അത്രയേ ഞാനിപ്പം പറയുന്നുള്ളൂ. നിങ്ങളുടെ ഈ വിരട്ടല്‍കൊണ്ടൊന്നും കാര്യങ്ങള്‍ നേടാമെന്ന് കരുതേണ്ടെന്നും മുസ്‌ലിം ലീഗിനെതിരായി പിണറായി വിജയന്‍ പറഞ്ഞു.