കണ്ണൂർ :കെപിസിസി പുറത്തിറക്കിയ പുതിയ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റുമാരുടെ നിയമന പട്ടിക തർക്കം കോടതിയിലേക്ക്. നിയമന പട്ടികയെ ചോദ്യം ചെയ്‌തുകൊണ്ട് തളിപ്പറമ്പ് മുൻസിഫ് കോടതിയിലാണ് കേസ് ഫയൽ ചെയ്‌തത്. മാടായി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി എ.വി സനൽകുമാർ ആണ് പരാതിക്കാരൻ.
കോൺഗ്രസിന്‍റെ എഴുതി തയ്യാറാക്കിയ ഭരണഘടനയിലെ വ്യവസ്ഥകൾ പരസ്യമായി ലംഘിച്ച് കൊണ്ട് ബൂത്ത് തലം മുതലുള്ള സംഘടന തെരഞ്ഞെടുപ്പ് നടത്താതെ ഭാരവാഹികളെ നിയമിച്ചു എന്നതാണ് പരാതി. ചില നേതാക്കളുടെ താത്‌പര്യമനുസരിച്ച് ഭാരവാഹികളെ നിയമിച്ച നടപടിയെയാണ് കോടതിയിൽ ചോദ്യം ചെയ്‌തതെന്ന് സനൽകുമാർ പറഞ്ഞു.
എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഭരണഘടനയിലെ വ്യവസ്ഥകൾ പാലിക്കാതെ നേതാക്കന്മാരുടെ ഇഷ്‌ടക്കാരെ നിയമവിരുദ്ധമായി പ്രതിനിധി പട്ടികയിൽ ഉൾപ്പെടുത്തിയതിനെയും സനൽ കുമാർ ചോദ്യം ചെയ്യുന്നുണ്ട്. മല്ലികാർജുൻ ഖാർഗെ, എം പി മധുസൂദൻ മിസ്ത്രി, കെ സി വേണുഗോപാൽ, കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എന്നിവരെ എതിർ കക്ഷികൾ ആക്കി ചേർത്താണ് കേസ് ഫയൽ ചെയ്‌തത്.
അതിനിടെ കണ്ണൂരിൽ കഴിഞ്ഞ ദിവസം ചേർന്ന പുതിയ ബ്ലോക്ക് പ്രസിഡന്‍റുമാരുടെ യോഗത്തിൽ എ ഗ്രൂപ്പിലെ അഞ്ച് പുതിയ ബ്ലോക്ക് പ്രസിഡന്‍റുമാർ പങ്കെടുത്തില്ല. എ ഗ്രൂപ്പിനെ അവഗണിക്കുന്നു എന്നാരോപിച്ചായിരുന്നു ബഹിഷ്‌കരണം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഇരിക്കൂർ സീറ്റ് നിഷേധിച്ചത് മുതൽ എ ഗ്രൂപ്പ് നേതൃത്വം അതൃപ്‌തിയിൽ ആണ്.
കെ സുധാകരന്‍റെ തട്ടകത്തിൽ ഒരു പ്രശ്‌നവും ഇല്ലെന്ന് പറയുമ്പോഴും പാർട്ടിക്കകത്ത് നേതാക്കൾ വിഘടിച്ച് നിൽക്കുകയാണ്. കണ്ണൂർ പള്ളിക്കുന്ന് ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടിയിൽ നിന്ന് പുറത്താക്കിയ കണ്ണൂർ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ രാഗേഷ് കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷനെതിരെയും ഡിസിസി പ്രസിഡന്‍റിനെതിരെയും വെടി പൊട്ടിച്ചു കഴിഞ്ഞു.