ആരോടും കാര്യമായി ചായ്‌വില്ലാത്ത മണ്ഡലം. ഇരിട്ടി നഗരസഭയും ആറളം, അയ്യന്‍കുന്ന്, കണിച്ചാര്‍, കേളകം, കൊട്ടിയൂര്‍, മുഴക്കുന്ന്, പായം, പേരാവൂര്‍ പഞ്ചായത്തുകളും ഉള്‍പ്പെട്ടതാണ് പേരാവൂര്‍ മണ്ഡലം. 1957 മുതല്‍ ഇരിക്കൂര്‍ മണ്ഡലത്തിന്‍റെ ഭാഗമായിരുന്ന പേരാവൂര്‍ 1977ലെ പുനര്‍നിര്‍ണയത്തിലാണ് രൂപീകൃതമായത്.
മണ്ഡലചരിത്രം
ആദ്യ തെരഞ്ഞെടുപ്പ് മുതല്‍ 1991 വരെ അഞ്ച് തവണ കോണ്‍ഗ്രസിന്‍റെ കെ.പി നൂറുദ്ദീന്‍ നിയമസഭയിലെത്തി. 1977ല്‍ ഇ.പി കൃഷ്ണന്‍ നമ്പ്യാരായിരുന്നു എതിരാളി. 1980ല്‍ സിഎം കരുണാകരന്‍ നമ്പ്യാരും 1982ല്‍ പി രാമകൃഷ്ണനും നൂറുദ്ദീനെതിരെ മത്സരിച്ച് തോറ്റു. ജയത്തോടെ നൂറുദ്ദീന്‍ കരുണാകരന്‍ മന്ത്രിസഭയില്‍ വനം-കായിക മന്ത്രിയായി. 1987-1991തെരഞ്ഞെടുപ്പുകളില്‍ കടന്നപ്പള്ളി രാമചന്ദ്രന്‍ നൂറുദ്ദീനെതിരെ മത്സരിച്ച് പരാജയപ്പെട്ടു. എന്നാല്‍ 1996ല്‍ കോണ്‍ഗ്രസ് എസിന്‍റെ കെ.ടി കുഞ്ഞഹമ്മദിനെതിരെ കെ.പി നൂറുദ്ദീന്‍ ആദ്യ പരാജയമറിഞ്ഞു. വാശിയേറിയ മത്സരത്തിനൊടുവില്‍ 186 വോട്ടിനായിരുന്നു കോണ്‍ഗ്രസിന്‍റെ തോല്‍വി. എന്നാല്‍ 2001ല്‍ രണ്ടാമങ്കത്തിനിറങ്ങിയ കെ.ടി കുഞ്ഞഹമ്മദിനെ തോല്‍പ്പിച്ച് പ്രൊഫ എ.ഡി മുസ്തഫയിലൂടെ കോണ്‍ഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു.
2006ല്‍ ഘടകകക്ഷിയായ കോണ്‍ഗ്രസ് എസില്‍ നിന്ന് സീറ്റ് ഏറ്റെടുത്ത സിപിഎം കെകെ ശൈലജയെ മത്സരത്തിനിറക്കി. സിറ്റിങ് എംഎല്‍എയായ എ.ഡി മുസ്തഫയെ 9,009 വോട്ടിനായിരുന്നു ശൈലജ തോല്‍പ്പിച്ചത്. 72,065 വോട്ട് നേടിയായിരുന്നു ശൈലജയുടെ ജയം.
മണ്ഡലത്തിന്‍റെ രാഷ്ട്രീയം
2011 ല്‍ മണ്ഡലം വീണ്ടും പുനഃസംഘടിപ്പിച്ചു. പേരാവൂരിന്‍റെ ഭാഗമായിരുന്ന മട്ടന്നൂര്‍ നഗരസഭയും കൂടാളി, കീഴല്ലൂര്‍, തില്ലങ്കേരി പഞ്ചായത്തുകളും മട്ടന്നൂര്‍ നിയോജക മണ്ഡലത്തിന്‍റെ ഭാഗമായി. കേളകം, കൊട്ടിയൂര്‍ പഞ്ചായത്തുകളും കൂത്തുപറമ്പ് മണ്ഡലത്തിന്‍റെ ഭാഗമായിരുന്ന കണിച്ചാറും പേരാവൂരിനൊപ്പം ചേര്‍ത്തു. 1,70,737 വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ 87043 പേര്‍ സ്ത്രീകളും 83694 പേര്‍ പുരുഷന്മാരുമാണ്. യുഡിഎഫിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയ മണ്ഡലം ഇടതുമുന്നണിയേയും പരീക്ഷിക്കാന്‍ മടിച്ചിട്ടില്ല. ബിജെപിക്ക് കാര്യമായ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതും വാസ്തവം.
നിയമസഭ തെരഞ്ഞെടുപ്പ് 2011