കണ്ണൂർ: കണ്ണൂർ കോർപറേഷൻ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന റിങ് റോഡ് നിര്‍മാണത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. ക്ഷേത്രവും കാവും ഉള്‍പ്പെടെ നിരവധി വീടുകളും കെട്ടിടങ്ങളും കീറി മുറിച്ച് നടപ്പാക്കുന്ന പദ്ധതിക്കെതിരെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയത്. യോഗശാലയിൽ നിന്നാരംഭിച്ച് ബ്രൗണീസ് ബേക്കറി വരെ നീളുന്ന 16 മീറ്റർ റോഡും പ്രദേശത്തെ ഓലചേരി കാവിനടുത്ത് നിന്ന് ആരംഭിച്ച് സ്വകാര്യ വ്യക്തിയുടെ വീടുവരെ വരാൻ പോകുന്ന 12 മീറ്റർ വീതി വരുന്ന റോഡുമാണ് പ്രതിഷേധത്തിന് വഴി ഒരുക്കുന്നത്.
ഇടുങ്ങിയ പ്രദേശമായതിനാല്‍ നിലവിലെ സാഹചര്യത്തിൽ ഇത്തരം റോഡുകൾ ഇവിടെ ആവശ്യമില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. നിലവിലെ റോഡിൽ നിന്ന് മൂന്ന് മീറ്റർ കൂടി വീതി എടുക്കുന്നതോടെ പല വീടുകളും ഇല്ലാതാവും എന്നാണ് സമരക്കാരുടെ വാദം. റോഡ് വികസനത്തിന് കണ്ണൂർ കോർപറേഷൻ തത്വത്തിൽ അംഗീകാരം നൽകി കഴിഞ്ഞു. എന്നാൽ വാർഡ് മെമ്പർ പോലും തെറ്റിദ്ധരിപ്പിച്ചെന്നും ബന്ധപെട്ട വീട്ടുടമകളെ അറിയിച്ചില്ലെന്നും വീട്ടുടമകളിൽ ഒരാളായ ദേവദാസൻ പറഞ്ഞു.