കണ്ണൂര്‍:പയ്യന്നൂർ കൊക്കാനിശ്ശേരിയിലെ കൃഷ്ണൻ കാരണവർക്ക് ജീവശ്വാസത്തോളം പ്രധാനമാണ് കാർഷികവൃത്തിയും. പന്ത്രണ്ടാം വയസ്സിൽ വിത്തും കൈക്കോട്ടുമായി പാടത്തിറങ്ങി മണ്ണിനോട് സൗഹൃദം സ്ഥാപിച്ച വ്യക്തിയാണ് കൃഷ്ണൻ കാരണവർ. കൃഷി ഒരു സംസ്കാരമാണെന്നും ലോകത്തിലെ സകല സംസ്കാരങ്ങളും ഉടലെടുത്തത് കൃഷിയിൽ നിന്നാണെന്നും പിന്നെയും പിന്നെയും പഠിപ്പിച്ചുപോകുകയാണ് ഈ വൃദ്ധന്‍.
'കറണ്ടില്ലാത്ത കാലത്ത് ബയോഗ്യാസിലൂടെ വിളക്ക് തെളിയിച്ചു'; എണ്‍പതിന്‍റെ നിറവിലും തൂമ്പയേന്തി കൃഷ്ണൻ കാരണവർ മറ്റു തൊഴിൽ മേഖലകളെ അപേക്ഷിച്ച് കൃഷിക്ക് മഹത്വം കൽപ്പിച്ചു നൽകിയ കൃഷ്ണൻ കാരണവർ തന്റെ ഔദ്യോഗിക തൊഴിലായ ചുമട്ട് ജോലിയോടൊപ്പം കൃഷിയും ഒരു ഉപജീവന മാർഗമായി കണ്ടു. അഹോരാത്രം പാടത്തും പറമ്പിലുമായി പണിയെടുത്ത് ഇദ്ദേഹം കന്നുകാലി വളർത്തലിലൂടെയും പയ്യന്നൂർകാര്‍ക്കിടയില്‍ ശ്രദ്ധേയനായി. കന്നുകാലികളാൽ സമൃദ്ധമായിരുന്ന തൊഴുത്തും, നിത്യേന 20 ലിറ്ററോളം പാൽ സംഭരിച്ച് വിവിധയിടങ്ങളിൽ നൽകിയിരുന്നതും അധികം നിറം മങ്ങാത്ത ഇദ്ദേഹത്തിന്‍റെ പൂർവകാല ചരിത്രവുമാണ്.
കൃഷിക്കൊപ്പം അല്‍പം ശാസ്‌ത്രവും കൂടി കൈവശമുള്ളയാളാണ് കൃഷ്ണൻ കാരണവർ . അതുകൊണ്ടുതന്നെ വൈദ്യുതി കണക്ഷന്‍ പ്രചാരത്തിലില്ലായിരുന്ന കാലഘട്ടത്തില്‍ പോലും തൊഴുത്തിലെ ചാണകം ഉപയോഗിച്ച് ബയോഗ്യാസുണ്ടാക്കി വീട്ടിൽ വൈദ്യുതി വിളക്കുകൾ തെളിയിച്ചിട്ടുണ്ട് ഇദ്ദേഹം. തന്റെ ജൈവകൃഷികാവശ്യമായ മുഴുവന്‍ വളവും കാലിവളർത്തലിലൂടെ സമാഹരിച്ച് നാടിന് മാതൃകയാകുകയായിരുന്നു ഈ കാരണവര്‍. പൂർണമായും കൃഷിയിലൂടെ തന്നെ മെച്ചപ്പെട്ട ജീവിതം നയിക്കാമെന്ന് ജീവിതത്തിലൂടെ തെളിയിച്ച അപൂര്‍വം കര്‍ഷകരില്‍ ഇദ്ദേഹത്തെയും സഹദർമ്മിണിയെയും ഉള്‍പ്പെടുത്താനുമാകും.
കാലം ഏറെ പുരോഗമിച്ച് പഴയകാലത്തിന്‍റെ അടയാളങ്ങളെല്ലാം മാഞ്ഞു തുടങ്ങിയപ്പോഴും മോട്ടോർ വാഹനങ്ങളുടെ ഇടയില്‍ സൈക്കിള്‍ ചവിട്ടി കൃഷിയിടത്തിലേക്കെത്തുന്ന കൃഷ്‌ണന്‍ കാരണവരില്‍ നിന്ന് പുതുതലമുറക്ക് നല്ലപാഠങ്ങളേറെയുണ്ട്. തന്റെ പന്ത്രണ്ടാം വയസ്സിൽ കയ്യിലെടുത്ത തൂമ്പ എണ്‍പത്തിയൊന്നിന്‍റെ നിറവിലും മുറുകെപ്പിടിച്ച് കര്‍ഷകര്‍ക്കിടയിലെ താരമായി മാറുകയാണിദ്ദേഹം. പയ്യന്നൂർ മമ്പലത്ത് താമസിച്ചിരുന്ന കൃഷ്ണൻ കാരണവർ തന്‍റെ വിവാഹ ശേഷമാണ് കൊക്കാനിശേരിയിലേക്ക് താമസം മാറുന്നതും കൊക്കിനിശേരിക്കാരുടെ അഹങ്കാരമായി മാറുന്നതും.