ഷിജിന് പി എന്ന വിദ്യാര്‍ഥിയുടെ എട്ട് മാസത്തെ കഠിനാധ്വാനത്തില്‍ രൂപമെടുത്ത തെയ്യകോലം കണ്ണൂർ:പയ്യന്നൂർ കോളജിലെ ബിഎ ഹിന്ദി ഒന്നാം വർഷ വിദ്യാർഥിയാണ് ഷിജിൻ പി. ആളൊരു ഒന്നാം തരം തെയ്യ പ്രേമിയാണ്. ചെണ്ടയ്ക്ക് കോലു വീഴുന്ന കാവുകളിലെല്ലാം ഷിജിൻ എത്തും.
തെയ്യം കണ്ട് പോകുന്നതിനപ്പുറം തെയ്യക്കോലങ്ങളുടെ രൂപം കൂടി മനസിൽ ഒപ്പിയെടുത്തേ ഷിജിൻ തിരിച്ചു വരൂ. അങ്ങനെയാണ് ഈ കാണുന്ന എട്ട് അടിയോളം പോന്ന കതിവന്നൂർ വീരൻ പിറവി കൊണ്ടത്. കാർഡ്ബോർഡ്, തെർമോക്കോൾ, തുണി, വൈറ്റ് സിമന്‍റ് എന്നിവ ഉപയോഗിച്ചായിരുന്നു നിർമാണം.
മുടിയും ആടയാഭരണങ്ങളുമടക്കം ഒറിജിനലിനെ വെല്ലുന്ന രീതിയിലാണ് നിർമാണം. 8 മാസത്തോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് കതിവന്നൂർ വീരന്‍റെ പൂർണകായ പ്രതിമ ഷിജിൻ ഒരുക്കിയത്. പയ്യന്നൂർ മഹാദേവ ഗ്രാമത്തിനടുത്തുള്ള ഷിജിന്‍റെ വീട്ടിലെ പഠന മുറി മിനിയേച്ചർ മുറിയെന്നു തന്നെ വേണമെങ്കിൽ വിശേഷിപ്പിക്കാം.
ചെറുപ്രായത്തിൽ തെയ്യങ്ങളോട് തോന്നി തുടങ്ങിയ ഇഷ്‌ടം പരീക്ഷണാടിസ്ഥാനത്തിൽ കുഞ്ഞു കണ്ണങ്ങാട്ട് ഭഗവതിയായും, മുച്ചിലോട്ട് ഭഗവതിയായും അവൻ ഒരുക്കിയിട്ടുണ്ട്. എങ്കിൽ പോലും ആദ്യമായാണ് ഇത്ര വലിയ തെയ്യ പ്രതിമ ഷിജിന്‍ ഉണ്ടാക്കുന്നത്. ശിൽപ കലയിലോ ചിത്രകലയിലോ ശാസ്‌ത്രീയ പഠനം പോലും നേടാതെയാണ് ഷിജിന്‍റെ കലാചാരുതയെന്നത് ദൃശ്യ മികവിന്‍റെ കൗതുകം ഇരട്ടിയാക്കുന്നു.
ചിലവ് എത്ര തന്നെയായാലും തെയ്യങ്ങളെ ഒരുക്കി പൂർണതയിലെത്തുന്ന നിമിഷത്തിലെ സന്തോഷമാണ് ഈ കോളജ് വിദ്യാർത്ഥിക്ക്. അമ്മയും അച്ഛനും സഹോദരനും പൂർണ്ണ പിന്തുണ തന്നെയാണ് ഷിജിന് നൽകുന്നത്.