വാഹനങ്ങളുടെ ശവപ്പറമ്പായി മാറി പയ്യന്നൂർ പൊലീസ് പരേഡ് ഗ്രൗണ്ട് കണ്ണൂർ : സ്വാതന്ത്ര്യ സമര ചരിത്ര സ്‌മരണകൾ ഉറങ്ങുന്ന പയ്യന്നൂർ പൊലീസ് പരേഡ് ഗ്രൗണ്ട് അവഗണനയുടെ നടുവിൽ. നിരവധി കേസുകളിലായി പിടിച്ചെടുത്ത വാഹനങ്ങളുടെ ശവപ്പറമ്പായി മാറിയിരിക്കുകയാണ് പ്രദേശം. ഇന്ത്യൻ സ്വാതന്ത്ര്യ സമര കാലത്തെ അനവധി നിരവധി സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച പയ്യന്നൂർ പൊലീസ് മൈതാനിയെ തീർത്തും അവഗണിക്കുകയാണ് അധികൃതരെന്നാണ് നാട്ടുകാരുടെ പരാതി.
ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവിന്‍റെ അധ്യക്ഷതയിൽ സ്വാതന്ത്ര്യ ചരിത്രത്തിലാദ്യമായി പൂർണ സ്വരാജ് പ്രമേയം പാസാക്കിയ പ്രദേശമിന്ന് കാടുമൂടിക്കിടക്കുകയാണ്. പല വിധ കേസുകളിലകപ്പെട്ട് പിടിച്ചെടുത്ത വാഹനങ്ങൾ കൊണ്ട് തള്ളാൻ മാത്രമാണ് ഈ മൈതാനം ഉപയോഗിക്കുന്നത്.
ഈ വർഷം ഒരു കോടി രൂപ ചെലവിൽ ഗ്രൗണ്ട് നവീകരിക്കുന്നതിന് വേണ്ടി സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ ചരിത്രമുറങ്ങുന്ന മൈതാനത്തെ നാളിതുവരെയായി പുനഃർനിർമിക്കാനോ സംരക്ഷിക്കാനോ സാധിച്ചിട്ടില്ല എന്നത് വളരെ ഖേദകരമാണെന്ന് നിയുക്ത പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് കെ ജയരാജ് പറഞ്ഞു.
ചരിത്ര സംഭവത്തിന്‍റെ 95-ാം വാർഷികം ആഘോഷിക്കുന്ന ഈ സമയത്തുപോലും പ്രദേശത്തിന് ആവശ്യമായ പരിഗണന ലഭിക്കുന്നില്ല. ഇവിടുത്തെ വാഹനങ്ങൾ സുരക്ഷിതമായി മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി പരിസരം ശുചീകരിച്ച് നെഹ്‌റുവിന്‍റെ ഒരു സ്‌മാരകം പണിത് സ്വാതന്ത്ര്യ സമര ചരിത്രത്തോട് കാട്ടുന്ന അവഗണ അവസാനിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്.
നാശത്തിന്‍റെ വക്കിൽ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം : വടക്കൻ കേരളത്തിലെ ഏറ്റവും മികച്ച ഇൻഡോർ സ്റ്റേഡിയങ്ങളിൽ ഒന്നായ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം നാശത്തിന്‍റെ വക്കിൽ. 2015ൽ കേരളത്തിൽ നടന്ന ദേശീയ ഗെയിംസിൽ ബാസ്‌ക്കറ്റ്‌ബോൾ, ഗുസ്‌തി എന്നീ മത്സരങ്ങൾക്ക് വേദിയായ സ്റ്റേഡിയം ഇന്ന് മോക്ഷം കാത്ത് കിടക്കുകയാണ്.
മലബാർ മേഖലയുടെ കായിക രംഗത്തിന്‍റെ വികസനത്തിനായി പ്രദേശത്ത് ഇൻഡോർ സ്റ്റേഡിയം എന്ന പദ്ധതിക്ക് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ പച്ചക്കൊടി വീശിയതോടെയാണ് മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം യാഥാർഥ്യമായത്. മൃഗസംരക്ഷണ വകുപ്പിൽ നിന്നും ഏറ്റെടുത്ത 6.55 ഹെക്‌ടർ സ്ഥലത്ത് 33 കോടി രൂപ ചെലവിൽ 2,600 ച.അടി വിസ്‌തീർണത്തിലാണ് ദക്ഷിണേന്ത്യയിലെ തന്നെ മികച്ച ഇൻഡോർ സ്റ്റേഡിയങ്ങളിലൊന്ന് പണികഴിപ്പിച്ചത്.
ദേശീയ ഗെയിംസ് മേധാവികളുടെ മേൽനോട്ടത്തിലായിരുന്നു 5000 കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന സ്റ്റേഡിയത്തിന്‍റെ നിർമാണം. റായ് കൺസ്ട്രക്ഷനായിരുന്നു കരാർ ചുമതലയുണ്ടായിരുന്നത്. 2015 ജനുവരി 15ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സ്റ്റേഡിയത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. പാശ്ചാത്യ രാജ്യങ്ങളെപ്പോലും വിസ്‌മയിപ്പിക്കുന്ന തരത്തിലുള്ള കായിക സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിത്.
എന്നാൽ 2020ൽ കൊവിഡ് പിടിമുറുക്കിയതോടെ സ്റ്റേഡിയത്തിൻ്റെ നാശത്തിന് തുടക്കമായി. കൊവിഡ് സമയത്ത് അന്നത്തെ കണ്ണൂർ കലക്‌ടർ ടിവി സുഭാഷ് കൊവിഡ് കെയർ ഹോമാക്കി മാറ്റാൻ പ്രത്യേക ഉത്തരവിലൂടെ സ്റ്റേഡിയം ഏറ്റെടുത്തു. പിന്നീട് മാസങ്ങളോളം കൊവിഡ് ചികിത്സ കേന്ദ്രമായി സ്റ്റേഡിയം പ്രവർത്തിച്ചു.
കൊവിഡിന് ശേഷം സ്പോർട്‌സ് കൗൺസിലിന് കൈമാറിയെങ്കിലും സ്റ്റേഡിയത്തിന്‍റെ മുഖം മിനുക്കൽ മാത്രം നടന്നില്ല. ഇതോടെ മലബാറിലെ ഏറ്റവും മികച്ച സ്റ്റേഡിയങ്ങളിലൊന്ന് നാശത്തിന്‍റെ വക്കിലേക്കെത്തി. വൻതുക മുടക്കി നിർമിച്ച സ്റ്റേഡിയത്തിലെ എല്ലാ സാങ്കേതിക സജീകരണങ്ങളും തുരുമ്പ് പിടിച്ച് ഉപയോഗശൂന്യമായ നിലയിലാണ്.
കൂടാതെ സ്റ്റേഡിയത്തിലേക്കുള്ള വഴികളെല്ലാം കാടുകയറി സഞ്ചാര യോഗ്യമല്ലാത്ത അവസ്ഥയിലുമായി. സ്റ്റേഡിയത്തിന് പുറത്തുള്ള ടെന്നീസ് കോർട്ടിന്‍റെയും വോളിബോൾ കോർട്ടിന്‍റെയും സ്ഥിതിയും വ്യത്യസ്ഥമല്ല. നിലവിൽ സ്റ്റേഡിയം സ്വകാര്യ വ്യക്‌തികൾക്കുൾപ്പെടെ വിവാഹം പോലുള്ള ചടങ്ങുകൾ നടത്താനായി വിട്ടുനൽകുകയാണ്.