കണ്ണൂർ: പയ്യന്നൂർ മാത്തിലിൽ പ്രവർത്തിക്കുന്ന ബിഎസ്എൻഎൽ എക്സ്ചേഞ്ചാണ് അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നത്. ഒന്നര വർഷം മുൻപുവരെ ആയിരക്കണക്കിന് കണക്ഷനുകളാണ് ഈ എക്സ്ചേഞ്ചിന് കീഴിൽ ഉണ്ടായിരുന്നത്. എന്നാൽ ഇന്നുള്ളത് വെറും ഇരുന്നൂറോളം കണക്ഷനുകൾ മാത്രമാണ്.
അടച്ചുപൂട്ടൽ ഭീഷണിയിൽ പയ്യന്നൂർ മാത്തിൽ ബിഎസ്എൻഎൽ എക്സ്ചേഞ്ച് ഒരു കാലത്ത് പ്രതാപത്തോടെ തല ഉയർത്തി നിന്ന ടെലഫോൺ എക്സ്ചേഞ്ചാണ് പയ്യന്നൂർ മാത്തിൽ എക്സ്ചേഞ്ച്. രണ്ടു വർഷം മുൻപു പോലും 4000ത്തോളം കണക്ഷനുകൾ ഈ എക്സ്ചേഞ്ചിനു കീഴിൽ ഉണ്ടായിരുന്നു. കാങ്കോൽ, ആലപ്പടമ്പ് പഞ്ചായത്തും എരമം - കുറ്റൂർ പഞ്ചായത്തിന്‍റെ വലിയൊരു ഭാഗവും മാത്തിൽ എക്സ്ചേഞ്ചിന്‍റെ പരിധിയിലാണ്.
ബിഎസ്എൻഎൽ അധികൃതരുടെ പിടിപ്പുകേടാണ് ഒരു പൊതുമേഖല സ്ഥാപനം ഇങ്ങനെ നാശോന്മുഖം ആകാനുള്ള പ്രധാന കാരണം. നിരവധി ജീവനക്കാരുണ്ടായിരുന്ന സ്ഥാപനത്തിൽ ഇന്നുള്ളത് ഒരു ജീവനക്കാരി മാത്രമാണ്. അവർ അവധി എടുക്കുമ്പോൾ ഓഫീസിനും അവധിയെന്ന അവസ്ഥയാണ്.
എക്സ്ചേഞ്ചിന്‍റെ നിലനിൽപ് തന്നെ അപകടത്തിലാണെന്നു തിരിച്ചറിഞ്ഞ ജീവനക്കാർ കൂട്ടത്തോടെ വിആർഎസ് എടുക്കുകയായിരുന്നു. നിലവിൽ കണക്ഷൻ സംബന്ധിച്ച് പരാതി പറയാൻ ആരെങ്കിലും ഫോണിൽ വിളിച്ചാൽ മറുപടി കിട്ടുക അത്യപൂർവം. ഒരു പരാതിക്കും പരിഹാരം കാണാൻ ഈ ഓഫീസിനു കഴിയാറുമില്ല.
ഏറെ പരിതാപകരമായ അസ്ഥയിലാണ് ഓഫിസ് കെട്ടിടവും പരിസരവും. ബിഎസ്എൻഎൽ എന്നെഴുതിയിരിക്കുന്ന ബോർഡ് തുരുമ്പെടുത്ത് ഒടിഞ്ഞും തൂങ്ങിയുമാണ് കിടക്കുന്നത്. കാടുമൂടിയ ഓഫിസ് കെട്ടിടം നാട്ടുകാരാണ് ഇടക്ക് വൃത്തിയാക്കുന്നത്. ഓഫിസ് വളപ്പിൽ തന്നെ മൊബൈൽ ടവറുണ്ട്, എന്നാൽ നൂറു മീറ്റർ അടുത്തുള്ള മാത്തിൽ ടൗണിൽ പോലും ബിഎസ്എൻഎല്ലിന് റെയ്ഞ്ച് പേരിനേയുള്ളൂ. പലപ്പോഴും പരിധിക്കു പുറത്തും.