കണ്ണൂർ: പാർട്ടിയാണ് ക്യാപ്റ്റനെന്ന് ഒളിയമ്പുമായി പി ജയരാജന്. മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റന് എന്ന് വിശേഷിപ്പിക്കുന്നത് സംബന്ധിച്ചായിരുന്നു പ്രതികരണം. പാർട്ടിയിൽ എല്ലാവരും സഖാക്കളാണ്. കമ്മ്യൂണിസ്റ്റുകാർ വ്യക്തിപൂജയിൽ അഭിരമിക്കുന്നവരല്ല. വ്യക്തികളല്ല പാർട്ടിയും ഇടതുപക്ഷവുമാണ് ജനങ്ങളുടെ ഉറപ്പെന്നും പി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.
പാർട്ടിക്ക് പിണറായി ക്യാപ്റ്റനല്ല, സഖാവാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞതിനെ അനുകൂലിച്ചായിരുന്നു പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്.
തന്നെ ക്യാപ്റ്റൻ എന്ന് വിളിക്കുന്നതിൽ ആശയക്കുഴപ്പം ഉണ്ടാക്കേണ്ടെന്നും താൽപര്യം കൊണ്ട് ആളുകൾ പലതും വിളിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.
പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം
കമ്യൂണിസ്റ്റുകാർക്ക് ജനങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന ജനപ്രിയതയിൽ പലരും അസ്വസ്ഥരാണ്. ജനപക്ഷ രാഷ്ട്രീയവും ജനക്ഷേമ രാഷ്ട്രീയവും ഉയർത്തിപ്പിടിക്കുന്നവർ ഇടതുപക്ഷമാണ്.ജനങ്ങളോട് ചേർന്നു നിൽക്കുമ്പോൾ ,അവർ സ്നേഹഹസൂചകമായി പല തരത്തിലും ഇഷ്ടം പ്രകടിപ്പിക്കും. ചിലർ പാട്ടെഴുതി ഇഷ്ടം പ്രകടിപ്പിക്കും, ചിലർ ഫോട്ടോ വെച്ച് ഇഷ്ടം പ്രകടിപ്പിക്കും, ചിലർ ടാറ്റു ചെയ്തു ഇഷ്ടം പ്രകടിപ്പിക്കും.
എന്നാൽ, കമ്യൂണിസ്റ്റുകാർ വ്യക്തിപൂജയിൽ അഭിരമിക്കുന്നവരല്ല. സഖാവ് കോടിയേരി മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞതു പോലെ, ഈ പാർട്ടിയിൽ 'എല്ലാവരും സഖാക്ക'ളാണ്. പാർട്ടിയാണ് ക്യാപ്റ്റൻ. അതു കൊണ്ട് വലതുപക്ഷവും മാധ്യമങ്ങളും മുഖ്യമന്ത്രിക്ക് കിട്ടുന്ന ജനപിന്തുണയിൽ വല്ലാതെ അസ്വസ്ഥരായിട്ട് കാര്യമില്ല. വ്യക്തികളല്ല, പാർട്ടിയും ഇടതുപക്ഷവുമാണ് ജനങ്ങളുടെ ഉറപ്പ്.