കണ്ണൂർ: പരിയാരം മെഡിക്കൽ കോളജിലെ മലിനജലം ജനവാസ കേന്ദ്രങ്ങളിലേക്ക് ഒഴുക്കി വിടുന്നതിനെതിരെ പ്രതിഷേധമുയരുന്നു (Pariyaram Medical College Waste Water). 10 ലക്ഷം ലിറ്റർ ശേഷിയുള്ള സിവേജ് ട്രീറ്റ്‌മെന്‍റ് പ്ലാൻ്റ് പ്രവർത്തന രഹിതമായതിനെ തുടർന്നാണ് മലിനജലം പുറത്തേക്ക് ഒഴുക്കി വിടുന്നത്. ആശുപത്രിയിലെ മലിന ജലം ദേശീയ പാതയോരത്തെ അലക്യം തോട്ടിൽ കലർന്നത് മൂലം വലിയ ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇടയാക്കുമോ എന്നത് നാട്ടുകാരെയും പ്രദേശവാസികളെയും ആശങ്കയിലാക്കുന്നു.
പരിയാരം മെഡിക്കൽ കോളജിലെ മലിനജല ശുദ്ധീകരണ പ്ലാൻ്റിൽ എത്തുന്ന മലിനജലം ശുദ്ധീകരിക്കാതെ ദേശീയപാതയോരത്തേക്ക് ഒഴുക്കി വിടുകയാണ്. ദേശീയപാതയിൽ നിന്നും ഇരുന്നൂറ് മീറ്ററോളം മാറിയാണ് മെഡിക്കൽ കോളജിൻ്റെ മലിനജല ശുദ്ധീകരണ പ്ലാൻ്റ് സ്ഥിതി ചെയ്യുന്നത്. ഇത് രണ്ട് വർഷമായി പ്രവർത്തിക്കുന്നില്ല. ഇതോടെയാണ് ശുദ്ധീകരണത്തിനായി ഇവിടെയെത്തുന്ന മലിന ജലം തോട്ടിലേക്ക് ഒഴുക്കി വിടുന്നത്. ദേശീയ പാതയുടെ പ്രവൃത്തി നടക്കുന്നതിനാൽ തോടിന്‍റെ ഒഴുക്കും സാധരണ ഗതിയിൽ അല്ല. പലയിടങ്ങളിലും തോടിന്‍റെ ഒഴുക്ക് ഗതി മാറ്റിയ നിലയിൽ ആണ്.
പരിയാരം ദേശീയ പാതയ്ക്കരികിൽ കെട്ടി കിടക്കുന്ന മലിനജലത്തിൽ നിന്നും കടുത്ത ദുർഗന്ധമാണ് ഉയരുന്നത്. ഇതു കാരണം ഇതിലൂടെയുള്ള യാത്രയും ദുസഹമായിരിക്കുകയാണ്. മലിനജലം ഒഴുകിയെത്തുന്ന അലക്യം തോട്ടിൽ നിന്നാണ് ദീർഘദൂര വാഹനങ്ങളിലെ തൊഴിലാളികൾ കുളിക്കുന്നത്. തോടിന് സമീപത്തു താമസിക്കുന്നവർ കുളിക്കാനും തുണികൾ കഴുകാനും തോട്ടിലെ വെള്ളം ഉപയോഗിക്കാറുണ്ട്. തോട്ടിൽ തന്നെയാണ് ആയുർവേദ മെഡിക്കൽ കോളജിലേക്ക് വെള്ളമെത്തിക്കുന്ന വലിയ കിണറും ഉള്ളത് എന്നത് ഇതിന്‍റെ പ്രത്യാഘാതം ഇരട്ടിയാക്കുന്നു.
മാലിന്യം കലർന്ന വെള്ളം ഉപയോഗിക്കുന്നതിലൂടെ മാറാവ്യാധികൾ പിടിപെടുമെന്ന ആശങ്കയിലാണ് ജനങ്ങൾ ഉള്ളത്. 10 ലക്ഷം ലിറ്റർ ശേഷിയുള്ള സിവേജ് ട്രീറ്റ്‌മെന്‍റ് പ്ലാൻ്റിൻ്റെ മോട്ടോർ പ്രവർത്തന രഹിതമായതാണ് ശുദ്ധീകരണ പ്രക്രിയ പൂർണ്ണമായി നിലക്കാനിടയാക്കിയത്. പ്ലാൻ്റിന് പുറത്ത് കുളം പോലെ കെട്ടിക്കിടക്കുന്ന മലിനജലം കൊതുകുവളർത്ത് കേന്ദ്രമായി മാറിയിരിക്കുകയാണ്.