കണ്ണൂർ :കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ എത്തുന്നവർക്ക് ഏറെ സുപരിചിതനാണ് കടന്നപ്പള്ളി തെക്കേക്കര സ്വദേശി എം വി കൃഷ്‌ണൻ എന്ന കൃഷ്ണേട്ടൻ. പരിയാരത്തെ ഡോക്‌ടർമാർക്കും ജീവനക്കാർക്കും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പ്രിയങ്കരനാണ് കൃഷ്ണേട്ടൻ. അദ്ദേഹം പരിയാരം ആശുപത്രിയിൽ എത്തിയിട്ട് ഏഴ് പതിറ്റാണ്ടോളമായി.
1948ൽ പരിയാരത്ത് ആരംഭിച്ച ടി ബി സാനിറ്റോറിയത്തിൽ ജീവനക്കാരുടെ സഹായി ആയിട്ടാണ് കൃഷ്ണേട്ടന്‍റെ തുടക്കം. 1985ൽ സഹകരണ മേഖലയിൽ മെഡിക്കൽ കോളജ് തുടങ്ങിയപ്പോഴും പിന്നീട് സർക്കാർ ഏറ്റെടുത്തപ്പോഴും കൃഷ്ണേട്ടൻ ഇവിടെ തന്നെ തുടർന്നു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് എത്തുന്ന രോഗികൾക്ക് വഴിയൊരുക്കാൻ കൃഷ്ണേട്ടൻ മുന്നിലുണ്ടാകും.
ആശുപത്രിയിലേക്ക് മുഖ്യമന്ത്രി ഉൾപ്പെടെ ഏത് ഉന്നതൻ എത്തിയാലും സ്വീകരിക്കാൻ കൃഷ്‌ണേട്ടൻ മുൻനിരയിലെത്തും. അവിവാഹിതനായ കൃഷ്ണേട്ടന്‍റെ കൂടും കുടുംബവും എല്ലാം പരിയാരം ആശുപതി ആണെന്ന് മെഡിക്കൽ കോളജ് ജീവനക്കാർ പറയുന്നു. ആശുപത്രി വരാന്തയിലാണ് കൃഷ്ണേട്ടന്‍റെ ഉറക്കം. ഉറങ്ങുന്നതിനു മുൻപ് പരിസര നിരീക്ഷണം പതിവാണ്.