കണ്ണൂർ: കുഞ്ഞിമംഗലം കണ്ടംകുളങ്ങരയിൽ റോഡരികിൽ ഒരു കടയുണ്ട്. മൺകട്ട കൊണ്ട് നിർമ്മിച്ച വാതിലോ ഷട്ടറോ എന്തിന് കറണ്ട് പോലുമില്ലാത്ത ഒരു കട. വെറുമൊരു കടയല്ലിത്. ഒരു ബാർബർ ഷോപ്പ് ആണ് .
48 വർഷമായി കുഞ്ഞിമംഗലത്തെ നാട്ടുകാർക്ക് കണ്ടംകുളങ്ങരയിലെ പപ്പേട്ടന്‍റെ ബാർബർ ഷോപ്പ് സുപരിചിതമാണ്. മുടി മുറിക്കാനും ഷേവ് ചെയ്യാനും കൂടി 10 രൂപ വാങ്ങി തുടങ്ങിയതാണ് പപ്പേട്ടൻ. ഇന്ന് 130 രൂപയാണ് രണ്ടിനും കൂടി പപ്പേട്ടൻ വാങ്ങുന്നത്. കുഞ്ഞിമംഗലത്ത് പപ്പൻ എന്ന് നാട്ടിൽ അറിയപ്പെടുന്ന പപ്പേട്ടന്‍റെ യഥാർഥ പേര് പത്മനാഭൻ എന്നാണ്.
കുഞ്ഞിമംഗലത്തുകാരുടെ സ്വന്തം ബാർബർ പപ്പേട്ടൻ രണ്ട് സെന്‍റ് സ്ഥലത്തെ ബാർബർ ഷോപ്പിൽ ചെന്നാൽ കെട്ടിടത്തിന്‍റെ ചുവരുകൾ പഴമയുടെ കഥകൾ കൂടി പറഞ്ഞു തരും. തികഞ്ഞ കമ്മ്യൂണിസ്റ്റ്‌കാരൻ കൂടി ആണ് ഈ വ്യത്യസ്തനായ ബാർബർ. 13-ാം വയസിൽ മലപ്പട്ടത്തു നിന്നാണ് പപ്പേട്ടൻ പണി തുടങ്ങുന്നത്.
മദിരാശിയും കടന്നു നാട്ടിൽ തിരിച്ചെത്തുമ്പോൽ അടിയന്തരാവസ്ഥ കാലത്തെ ഭീകരമായ ജയിൽ വാസത്തിന്‍റെ ഓർമകൾ കൂടി ഉണ്ട് പപ്പേട്ടന്. പഴമയുടെ തനിമ എത്ര കാലം കൂടി എന്നത് ചിലപ്പോൾ എണ്ണി തിട്ടപ്പെടുത്താൻ പറ്റില്ലായിരിക്കാം. പക്ഷെ 72കാരനായ പപ്പേട്ടനെ തേടി ഇന്നും ആളുകൾ വന്നു കൊണ്ടേയിരിക്കുന്നു.