കണ്ണൂർ:പാനൂർ കൊലപാതകവുമായി ബന്ധപ്പെട്ട് മകൻ ജയിൻ രാജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ പ്രതികരണവുമായി പി. ജയരാജന്‍. ഏത് സാഹചര്യത്തിലാണ് മകന്‍ അത്തരമൊരു പോസ്റ്റിട്ടതെന്ന് അറിയില്ലെന്നും പാനൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണെങ്കില്‍ അഭിപ്രായപ്രകടനത്തോട് യോജിക്കുന്നില്ലെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പി. ജയരാജന്‍ വ്യക്തമാക്കി. കൊലപാതകമുണ്ടായതിന് പിന്നാലെ, 'ഇരന്ന് വാങ്ങുന്നത് ശീലമായിപോയി' എന്നായിരുന്നു ജയിന്‍ രാജിന്‍റെ പോസ്റ്റ്.
പി. ജയരാജന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം;
"ഇപ്പോൾ ചാനലുകളിൽ എന്‍റെ മകന്‍റെ ഒരു പോസ്റ്റ് വാർത്തയായതായി കണ്ടു. ഏത് സാഹചര്യത്തിലാണ് മകന്‍ അത്തരമൊരു പോസ്റ്റിട്ടത് എന്നറിയില്ല. പാനൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണെങ്കില്‍ ഇത്തരമൊരു അഭിപ്രായപ്രകടനത്തോട് ഞാന്‍ യോജിക്കുന്നില്ല. ദൗർഭാഗ്യകരമായ മരണം നടന്ന ആ പ്രദേശത്ത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിലാണ് പാര്‍ട്ടി അനുഭാവികള്‍ ഏര്‍പ്പെടേണ്ടത്."
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് കണ്ണൂർ കടവത്തൂരിൽ സിപിഎം- മുസ്ലീം ലീഗ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ലീഗ് പ്രവർത്തകനായ ചൊക്ലി പുല്ലൂക്കര സ്വദേശി മൻസൂർ വെട്ടേറ്റ് മരിച്ചത്. ഇയാളുടെ സഹോദരൻ മുഹ്സിനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു.