കണ്ണൂര്‍: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് രണ്ട് വിദ്യാര്‍ഥികൾക്കെതിരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലീസ് ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി സിപിഐ കേന്ദ്ര കൺട്രോൾ കമ്മിഷന്‍ അംഗം പന്ന്യൻ രവീന്ദ്രൻ. സർക്കാരിന് കീഴിലുള്ള ഉദ്യോഗസ്ഥർ അമിതാധികാരം പ്രയോഗിക്കുന്നത് അംഗീകരിക്കാനാവില്ല. സർക്കാരിന് മുകളിലാണ് താനെന്ന ചിന്താഗതിയിലാണ് ചീഫ് സെക്രട്ടറി ലേഖനം എഴുതിയിരിക്കുന്നത്. ഇത് യുഡിഎഫ് കാലത്തെ ധാരണയാണ്. എൽഡിഎഫ് കാലത്ത് ഇത് നടക്കില്ലെന്നും പന്ന്യൻ രവീന്ദ്രന്‍ പറഞ്ഞു.
രണ്ട് ചെറുപ്പക്കാരെ അറസ്റ്റ് ചെയ്‌തത് നിയമവിധേയമായല്ല. നാട്ടിൽ എല്ലാവർക്കും വായിക്കാനുള്ള അധികാരവും സ്വാതന്ത്രവുമുണ്ട്. അലന്‍റെയും താഹയുടെയും വീടുകളിൽ നിന്നും പിടിച്ചെടുത്ത പുസ്‌തകങ്ങളിൽ സിപിഎമ്മിന്‍റെ ഭരണഘടനയുമുണ്ട്. അതും നിരോധിക്കേണ്ട പുസ്തകമാണോയെന്ന് പന്ന്യൻ രവീന്ദ്രൻ ചോദിച്ചു. പൊലീസ് അന്യായമായി യുഎപിഎ ചുമത്തിയാൽ പിൻവലിക്കേണ്ടത് സർക്കാരാണ്. യുഎപിഎ എന്ന കാടന്‍ നിയമം ഉപയോഗിക്കരുതെന്ന നിലപാടുള്ള പ്രസ്ഥാനമാണ് ഇടതുപക്ഷ പ്രസ്ഥാനം. സർക്കാർ അത് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.