കണ്ണൂർ: ഇന്ത്യയിലെ ഇലക്ഷൻ കിംഗ് ആരാണെന്ന് ചോദിച്ചാല്‍ അധികം ഉത്തരങ്ങൾ തേടി പോകേണ്ടി വരില്ല, അത് കെ പത്‌മരാജൻ എന്ന് പറയേണ്ടി വരും. ആരാണ് ഈ പത്മരാജൻ എന്നല്ലേ... മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളിലും പരാജയം ഏറ്റുവാങ്ങി ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോഡിൽ ഇടം നേടിയ വ്യക്തിയാണ് സേലത്തെ ടയർ വിൽപ്പനക്കാരനായ പത്മരാജൻ. തമിഴ്‌നാട്ടില്‍ നിന്നാണ് വരവെങ്കിലും മലയാളം പച്ചവെള്ളം പോലെ പറയും. കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമടം നിയോജക മണ്ഡലം കേരളത്തിലെ വിഐപി മണ്ഡലമാണ്. പക്ഷേ തന്‍റെ 217-ാമത്തെ തെരഞ്ഞെടുപ്പ് മത്സരം ഇത്തവണ ധർമടത്താണെന്ന് പത്മരാജൻ തീരുമാനിച്ചതോടെ മുഖ്യമന്ത്രിയുടെ വിഐപി മണ്ഡലം ശരിക്കും വിവിഐപി മണ്ഡലമായി. ധർമടത്ത് പത്മരാജൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു കഴിഞ്ഞു.
ധർമടത്ത് വിഐപിയുണ്ട്, മോദിക്കും രാഹുലിനുമെതിരെ മത്സരിച്ച പത്മരാജൻ - ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോഡിൽ ഇടം നേടിയ പത്മരാജൻ
2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി നരേന്ദ്ര മോദിക്കെതിരെ വഡോദര ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചതോടെയാണ് പത്മരാജൻ ലോക പിടിച്ചു പറ്റുന്നത്.
കാരണം പത്മരാജൻ ചെറിയ വ്യക്തിയല്ല. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി നരേന്ദ്ര മോദിക്കെതിരെ വഡോദര ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചതോടെയാണ് പത്മരാജൻ ലോക പിടിച്ചു പറ്റുന്നത്. കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് എതിരെയും പത്മരാജൻ മത്സരിച്ചു പരാജയപ്പെട്ടിട്ടുണ്ട്. 1997 മുതൽ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്ന പത്മരാജൻ 1988 ൽ സേലം മേട്ടൂർ അസംബ്ലി സീറ്റിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചാണ് തെരഞ്ഞെടുപ്പ് രംഗത്തേക്ക് വരുന്നത്.
സാധാരണക്കാരന് തെരഞ്ഞെടുപ്പിൽ പോരാടാൻ കഴിയുമെന്ന് തെളിയിക്കുക എന്നത് മാത്രമായിരുന്നു പത്മരാജൻ അന്ന് ഉദ്ദേശിച്ചത്. ഓരോ തവണ പരാജയപ്പെടുമ്പോഴും അടുത്ത തവണ മത്സരിക്കാനുള്ള ആവേശമായിരുന്നു പത്മരാജന്. 2004 ൽ ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോഡിൽ ഏറ്റവും കൂടുതല്‍ തവണ പരാജയപ്പെട്ട സ്ഥാനാർഥിയായി അദ്ദേഹം ഇടംപിടിച്ചു. ഇതുവരെ തെരഞ്ഞെടുപ്പിനായി 50 ലക്ഷം രൂപയാണ് ചിലവായത്. ഏറ്റവും ഒടുവിൽ വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ ആയിരുന്നു കേരളത്തിലെ മത്സരം. മുഖ്യമന്ത്രി പിണറായി വിജയന് എതിരെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചെങ്കിലും പത്മരാജന് ധർമടത്ത് ചെലവഴിക്കൻ സമയമില്ല, കേരളത്തിൽ എത്ര ദിവസം ഉണ്ടാകുമെന്നു ചോദിച്ചപ്പോൾ, സമയമില്ല തമിഴ് നാട്ടിൽ നാലിടത്തു കൂടി പത്രിക സമർപ്പിക്കണം എന്നായിരുന്നു മറുപടി.