കണ്ണൂർ: പിണറായി വിജയൻ സർക്കാർ കവർച്ചക്കാരുടെ താവളമായി മാറിയെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. ഇഎംഎസ് സർക്കാരിന് സംഭവിച്ചത് തന്നെ പിണറായി സർക്കാരിനും സംഭവിക്കാൻ പോവുകയാണ്. കേസിൽ നിന്ന് രക്ഷപ്പെടാൻ മന്ത്രി കെ.ടി. ജലീൽ മതത്തേയും മതചിഹ്നങ്ങളേയും കൂട്ടുപിടിക്കുകയാണെന്നും പി.കെ. കൃഷ്ണദാസ് കണ്ണൂരിൽ ആരോപിച്ചു.
സ്വർണക്കടത്ത് സംസ്ഥാന സർക്കാരിനെ വിമർശിച്ച് പി.കെ. കൃഷ്ണദാസ്
മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തുന്ന സമരം പ്രഹസനമാണെന്നും ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്.
സ്വർണക്കടത്ത് കേസിൽ എൻഐഎ സത്യവാങ്മൂലം സമർപ്പിച്ചു കഴിഞ്ഞു. പ്രതി സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വാധീനമുണ്ടെന്നും മുഖ്യമന്ത്രിയുമായി ബന്ധമുണ്ടെന്നും എൻഐഎയുടെ അന്വേഷണത്തിൽ തെളിഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണം. മന്ത്രി കെ.ടി. ജലീലിലേക്കും അന്വേഷണം നീളുന്നുണ്ട്. ഹീനമായ മാർഗങ്ങളിലൂടെയാണ് ജലീൽ കേസിൽ നിന്നും രക്ഷപ്പെടാൻ നോക്കുന്നത്. കേസിന് മതപരമായ ചുവ നൽകാൻ ശ്രമിക്കുന്നതായും മതപണ്ഡിതന്മാർ സൂക്ഷിക്കണമെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തുന്ന സമരം പ്രഹസനമാണ്. കേസുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കണമെന്നും കൃഷ്ണദാസ് കൂട്ടിച്ചേർത്തു.