കണ്ണൂർ: കേന്ദ്രമന്ത്രി വി മുരളീധരന് മറുപടിയുമായി സിപിഎം നേതാവ് പി ജയരാജന്‍. സ്വന്തം പാർട്ടിക്കകത്ത് ഗ്രൂപ്പുകളുണ്ടാക്കി അതിന്‍റെ നേതാവായി നടക്കുന്ന ആളാണ് മുരളീധരനെന്നും അത് മറ്റുള്ളവരുടെ ചുമലിലിടേണ്ടെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. മുരളീധരൻ ഇപ്പോൾ വെറും ആർഎസ്എസുകാരൻ മാത്രമല്ലെന്നും ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഉന്നതമായ സ്ഥാനമാണ് അതെന്ന് മനസിലാക്കിയുള്ള പദപ്രയോഗമാണ് ഒരു മന്ത്രിയിൽ നിന്ന് സമൂഹം പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിക്കെതിരെയുള്ള വി മുരളീധരന്‍റെ വിമർശനം വിവാദമായതിനെ തുടർന്നാണ് ജയരാജന്‍റെ ഫേസ്ബുക്ക് പോസ്‌റ്റ്. തുടർച്ചയായി കൊവിഡ് മാനദണ്ഡങ്ങൾ തെറ്റിക്കുന്ന മുഖ്യമന്ത്രിയെ 'കൊവ് ഇഡിയറ്റ്' എന്ന് വിളിക്കണമെന്നായിരുന്നു മുരളീധരന്‍റെ ആക്ഷേപം.
കൂടുതൽ വായനയ്‌ക്ക്:പദവിയുടെ മാന്യതയറിയാത്ത വി മുരളീധരന്‍ കേരളത്തിന് അപമാനം : എ വിജയരാഘവന്‍
ഫേസ്‍ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം:
"കേരളത്തിൽ നിന്നുള്ള കേന്ദ്ര സഹ മന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് കണ്ടു. "അവിടെ കുറയുന്നതിന്റെ ഒരു ശതമാനം അല്ലെ ഇവിടെ കൂടുന്നുള്ളു" എന്ന മോഡൽ സംസാരം തന്നെ.
എന്തായാലും പഴയ ചരിത്രം ഓർമ്മിച്ചതിന് നന്ദി. എന്റെ കഴിഞ്ഞ പോസ്റ്റിൽ പറഞ്ഞ കാര്യങ്ങൾ ഏറെക്കുറെ ശരിയെന്ന് സമ്മതിച്ചിരിക്കുന്നു.കോടതി റിമാൻഡ് ചെയ്ത പ്രതിയെ വിടുവിപ്പിക്കണം എന്നാവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി സ: നായനാരെ ഖരാവോ ചെയ്തത് തന്റെ അനുയായികൾ ആയിട്ടുള്ള ആർഎസ്എസുകാർ ആണെന്ന് അദ്ദേഹം അംഗീകരിക്കുന്നു. ഭീകരപ്രവർത്തനം പോലെ തടവിലുള്ള ആളുകളെ മോചിപ്പിക്കുന്നതിന് വേണ്ടി നടത്തിയ ആർഎസ്എസിന്‍റെ ശ്രമമാണ് ഞാൻ ഓർമ്മപ്പെടുത്തിയത്. അതിന്‍റെ ഭാഗമായിട്ടുള്ള സംസ്‌കാരം ഇപ്പോളും അദ്ദേഹത്തിൽ കുടികൊള്ളുകയാണ്. അതിന്‍റെ ഭാഗമാണ് മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നത്.
ഭീഷണിപ്രയോഗത്തിലൂടെ ഇടപെടുന്നതാണ് ആർഎസ്എസ് സംസ്‌കാരം. അത് തിരുത്തുകയാണ് ആവശ്യം. അതിന് പകരം വാചക കസർത്ത് നടത്തിയത് കൊണ്ട് കാര്യമില്ല.
സ്വന്തം പാർട്ടിക്കകത്ത് ഗ്രൂപ്പുകളുണ്ടാക്കി അതിന്‍റെ നേതാവായി നടക്കുന്ന ആളാണ് മുരളീധരനെന്ന് എല്ലാവർക്കും അറിയാം. അത് മറ്റുള്ളവരുടെ ചുമലിലേക്കിടേണ്ട. മുരളീധരൻ ഇപ്പോൾ വെറും ആർഎസ്എസുകാരൻ മാത്രമല്ല. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്തിട്ടുള്ള ഒരു മന്ത്രിയാണ്. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്‌താണ് കേരളത്തിന്‍റെ മുഖ്യമന്ത്രിയും ആ പദവിയിൽ ഇരിക്കുന്നത്. സമൂഹത്തിലെ ഉന്നതമായ സ്ഥാനമാണത്. അത് മനസിലാക്കി കൊണ്ടുള്ള പദപ്രയോഗമാണ് ഒരു മന്ത്രിയിൽ നിന്ന് സമൂഹം പ്രതീക്ഷിക്കുന്നത്. ഒരു സാധാരണ ആർഎസ്എസ് ക്രിമിനലിന്‍റെ വാക്കുകളല്ല ഒരു മന്ത്രിയിൽ നിന്ന് വരേണ്ടത്. ആരെയും വിമർശിക്കാൻ മുരളീധരന് അവകാശമുണ്ട്. പക്ഷെ താൻ ഇരിക്കുന്ന പദവിയുടെ ഗൗരവം ഓർത്ത് വേണം സംസാരിക്കാൻ. അതാണ് ഒരിക്കൽ കൂടി സഹമന്ത്രിയെ ഓർമ്മിപ്പിക്കാൻ ഉള്ളത്. ആത്മപരിശോധന എന്നുള്ളത് ആർഎസ്എസുകാർക്ക് ഇല്ല എന്നറിയാം. എങ്കിലും സ്വയം ചിന്തിക്കുന്നെങ്കിൽ ചിന്തിക്കട്ടെ..
കേരളത്തിൽ നിന്നുള്ള കേന്ദ്ര സഹ മന്ത്രി കേരളത്തിന് വേണ്ടി ചെയ്തത് എന്തൊക്കെയാണെന്ന് ജനങ്ങൾക്കറിയാം.കേരളത്തിന് ഗുണകരമാകുന്ന ഏത് കാര്യം വന്നാലും അതിന് തുരങ്കം വെക്കുക എന്നുള്ളതാണ് ഹോബി. മുൻപ് പ്രളയകാലത്ത് യുഎഇ ഭരണകൂടം നൽകാമെന്നേറ്റ സഹായം മുടക്കാൻ മുന്നിൽ നിന്നതാര് എന്നും മലയാളികൾക്ക് അറിയാം. അതുകൊണ്ട് താൻ വഹിക്കുന്ന പദവിയുടെ ഗൗരവം മനസിലാക്കി പെരുമാറുക. കൊവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്തെ ജനങ്ങൾ വാക്‌സിൻ കിട്ടാതെ അലയുമ്പോൾ അവർക്ക് വാക്‌സിൻ എത്തിക്കാൻ വേണ്ട നടപടികൾ പോലുള്ള ഉപകാരമുള്ള എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്നാണ് അദ്ദേഹം ആലോചിക്കേണ്ടത്.
ഒരു കാര്യം കൂടി. പാണന്മാരുടെ പാട്ട് പ്രസിദ്ധമാണ്. അധഃസ്ഥിതരുടെ സങ്കടങ്ങളും പ്രതിഷേധങ്ങളുമാണ് ഇന്നത്തെ സമൂഹം ആ പാട്ടിലൂടെ കേൾക്കുന്നത്. പാണന്മാരെ അധിക്ഷേപിക്കുന്നതും ആർഎസ്എസ് സംസ്‌കാരം തന്നെ."