പി ജയരാജന്‍ മാധ്യമങ്ങളോട് കണ്ണൂർ:ഇടതുമുന്നണി കൺവീനറും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇപി ജയരാജനെതിരായി സാമ്പത്തിക ആരോപണം ഉന്നയിച്ചെന്ന വാർത്ത തള്ളാതെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ. പാർട്ടിയ്ക്ക് അകത്ത് നടന്ന ചർച്ചകൾ പുറത്ത് പങ്കുവയ്‌ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഇപി ജയരാജനെതിരായി സംസ്ഥാന കമ്മിറ്റിയിൽ സാമ്പത്തിക ആരോപണം ഉയർന്നത് വ്യാജവാർത്തയാണോ എന്ന ചോദ്യത്തിനാണ് പി ജയരാജന്‍റെ മറുപടി.
ALSO READ|ഇ പി ജയരാജനെതിരെ അരോപണവുമായി പി ജയരാജൻ ; അനധികൃത സ്വത്ത് സമ്പാദനം എന്ന് പരാതി
കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്‍റെ പേരിലാണ് പി ജയരാജൻ സിപിഎമ്മില്‍ സാമ്പത്തിക ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇപി ജയരാജന്‍റെ ഭാര്യയും മകനും ഡയറക്‌ടർമാരായ കമ്പനിയാണ് റിസോർട്ടിന്‍റെ നടത്തിപ്പുകാരെന്നുമാണ് പി ജയരാജന്‍റെ ആരോപണമെന്നാണ് വിവരം. അതേസമയം, പാർട്ടി വലതുപക്ഷ നയത്തിലേക്ക് പോകുന്നുവെന്ന യാതൊരു ചർച്ചയും സംസ്ഥാന കമ്മിറ്റിയിൽ ഉണ്ടായിരുന്നില്ലെന്ന് പി ജയരാജൻ പറഞ്ഞു.
ഇപി കേന്ദ്രകമ്മിറ്റിയംഗമാണ്. പാർട്ടിയുടെ ഭാഗമായി നിന്നതിന് ക്രൂരമായി ആക്രമിക്കപ്പെട്ട നേതാവാണ്. ഇപി ജയരാജൻ റിസോർട്ട് നടത്തുന്നത് തന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. താൻ ആ സ്ഥലത്ത് പോയിട്ടില്ല. നാട്ടിൽ മതപരമായ വർഗീയത ശക്തിപ്പെടുന്നു. ലഹരി ഉപയോഗം വർധിക്കുന്നു. ഇതൊക്കെയാണ് തന്നെ ഏറെ വിഷമിപ്പിക്കുന്നതെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു. സംസ്ഥാന കമ്മിറ്റി യോഗത്തിൽ പാർട്ടിയിലെ തെറ്റ് തിരുത്തൽ രേഖ അംഗീകരിച്ചിരുന്നുവെന്നും ജയരാജൻ കൂട്ടിച്ചേർത്തു.