കണ്ണൂര്‍: ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ കൂടുതല്‍ പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പിനിരയാക്കിയതായി പരാതി. മട്ടന്നൂര്‍ വെളിയമ്പ്ര സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്. 9,63,300 രൂപ തട്ടിയെടുത്തതായാണ് പരാതി. ഇന്നലെയാണ് (ജനുവരി 17) വെളിയമ്പ്ര സ്വദേശി മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തിയത്.
തട്ടിപ്പിന് ഇരയാക്കിയത് ഇങ്ങനെ:പരാതിക്കാരന്‍റെ ഫോണിലേക്ക് ഓണ്‍ലൈന്‍ ട്രേഡിങ് ചെയ്യാന്‍ താത്‌പര്യമുണ്ടോയെന്ന് അന്വേഷിച്ച് നിരന്തരം കോള്‍ വന്നു. 'കോയിന്‍ ഡിസി എക്‌സ് ട്രേഡിങ് മാര്‍ക്കറ്റ്' എന്ന സ്ഥാപനത്തിന്‍റെ വെബ്‌സൈറ്റിലൂടെ പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ പണം തിരികെ ലഭിക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്‌തു. നിരന്തരം ഇത്തരം കോളുകള്‍ വന്നത് കൊണ്ട് തന്നെ പരാതിക്കാരന്‍ ഓണ്‍ലൈന്‍ ട്രേഡിങ്ങിനായി വെബ്‌സൈറ്റ് വഴി പണം നിക്ഷേപിച്ചു. വെബ്‌സൈറ്റിലെ നിര്‍ദേശ പ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് ഗഡുക്കളായാണ് പണം നിക്ഷേപിച്ചത് (Kannur Cyber Fraud Case).
നിക്ഷേപിച്ച പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ പണം നിക്ഷേപിച്ച രീതി ശരിയല്ലെന്നും വീണ്ടും പണം നല്‍കിയാല്‍ മാത്രമെ മുഴുവന്‍ തുകയും പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂവെന്നും വെബ്‌സൈറ്റില്‍ നിന്നും നിര്‍ദേശം ലഭിച്ചു. ഇതോടെയാണ് പരാതിക്കാരന് തട്ടിപ്പ് മനസിലായത്. ഇതേ തുടര്‍ന്നാണ് യുവാവ് മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത് (Cyber Fraud Case). സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
യോനോ ആപ്പിന്‍റെ പേരിലും തട്ടിപ്പ്:എടക്കാട് പൊലീസ് സ്റ്റേഷനിലും അടുത്തിടെ സമാന സംഭവം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. യോനോ ആപ്പില്‍ നിന്നാണെന്ന വ്യാജേന സന്ദേശമയച്ച് പണം തട്ടിയതായാണ് പരാതി. മാവിലായി സ്വദേശിയാണ് പരാതിക്കാരന്.