കണ്ണൂര്‍:രണ്ട് മാസത്തെ ഇടവേളക്ക് ശേഷം വിദ്യാര്‍ഥികള്‍ ഇന്ന് മുതല്‍ വീണ്ടും ഓണ്‍ലൈന്‍ പഠന മുറിയില്‍ എത്തുകയാണ്. പോരായ്മകള്‍ തിരുത്തി ഓണ്‍ലൈന്‍ പഠനം മികവുറ്റതാക്കി മാറ്റുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ട്. എന്നാൽ ഇപ്പോഴും ആയിരക്കണക്കിന് വിദ്യാർഥികളാണ് ജില്ലയില്‍ ഓണ്‍ലൈന്‍ ക്ലാസിന്‍റെ പരിധിക്ക് പുറത്ത് നില്‍ക്കുന്നത്.
ഇവിടെയുണ്ട് പ്രവേശനോത്സവത്തിലും പ്രവേശനം നേടാനാകാതെ ഒരു കൂട്ടം കുട്ടികൾ - ആറളം ഫാം
വിദ്യാഭ്യാസ വകുപ്പിന്‍റെ കണക്കനുസരിച്ച് കണ്ണൂർ ജില്ലയിൽ 2000 ത്തോളം വിദ്യാര്‍ഥികള്‍ക്ക് ഇന്‍റര്‍നെറ്റ് ലഭ്യതയില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ കണക്കനുസരിച്ച് 2000 ഓളം വിദ്യാര്‍ഥികള്‍ക്ക് ഇന്‍റര്‍നെറ്റ് ലഭ്യതയില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡിജിറ്റല്‍ പഠന സൗകര്യങ്ങളുടെ കുറവും ഇന്‍റര്‍നെറ്റ് വേഗതക്കുറവും തുടങ്ങി പല തടസങ്ങളാണ് വിദ്യാര്‍ഥികള്‍ നേരിടുന്നത്. കഴിഞ്ഞ തവണ മൊബൈലും ടിവിയും മറ്റ് സംവിധാനങ്ങളുമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നു. എന്നാൽ അതിനൊരു പരിഹാരം കാണാൻ ഇതുവരെ സാധിച്ചിട്ടില്ല.
ജില്ലയിൽ കുട്ടികൾ ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത് ആറളം ഫാമിലാണ്. ഇവിടെ പല വീടുകളിലും വൈദ്യുതി കണക്ഷൻ പോലുമില്ല. വളരെ ചുരുക്കം ചില വീടുകളില്‍ മാത്രമാണ് ടെലിവിഷനുള്ളത്. എന്നാല്‍ അവയെല്ലാം ഒരു കാറ്റടിച്ചാല്‍ കണക്ഷന്‍ പോകുന്ന അവസ്ഥയിലാണ്. വീടിനുള്ളിൽ മൊബൈലിന് തീരെ റെയ്ഞ്ചില്ല. അതിനാൽ തന്നെ ഓണ്‍ലൈന്‍ ക്ലാസ് കേള്‍ക്കണമെങ്കില്‍ ഒരു കിലോമീറ്റര്‍ അപ്പുറമുള്ള സ്ഥലത്തെത്തേണ്ട സ്ഥിതിയിലാണ് കുട്ടികൾ. മഴക്കാലം വരുന്നതിനാൽ പുറത്തിറങ്ങി ക്ലാസുകള്‍ കേള്‍ക്കാനും സാധിക്കില്ല. മാത്രമല്ല ഇവിടെ കാട്ടാനയുടെ ശല്യവും രൂക്ഷമാണ്. വീട്ടുപരീക്ഷ എന്ന രീതിയില്‍ പാഠ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സര്‍ക്കാര്‍ വിദ്യാര്‍ഥികള്‍ക്ക് ഒരു ബുക്ക് നല്‍കിയിരുന്നു. എന്നാല്‍ ഇവിടെയുള്ള വിദ്യാര്‍ഥികള്‍ക്ക് അതും ഇതുവരെ ലഭിച്ചിട്ടില്ല.