കണ്ണൂർ:പെരിങ്ങോത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. കാങ്കോൽ പാപ്പരട്ടയിലെ പടിഞ്ഞാറെ വീട്ടിൽ പ്രശോഭാണ് അറസ്റ്റിലായത്. കേസിലെ പ്രധാന പ്രതി കുപ്പോളിലെ കെ രജീഷ്, മടക്കാംപൊയിൽ സ്വദേശി സുവർണ്ണൻ, കുപ്പോൾ സ്വദേശി പി വി വിനീഷ്, കാങ്കോൽ കാളീശ്വരം സ്വദേശി ദിലീപ്, കാങ്കോൽ സ്വദേശി സി പ്രജിത്ത് എന്നിവരെ നേരത്തെ പിടികൂടിയിരുന്നു.
പെരിങ്ങോം പീഡനക്കേസില്‍ ഒരാൾ കൂടി പിടിയില്‍ - kannur
കേസിലെ പ്രധാന പ്രതി കുപ്പോളിലെ കെ രജീഷ്, മടക്കാംപൊയിൽ സ്വദേശി സുവർണ്ണൻ, കുപ്പോൾ സ്വദേശി പി വി വിനീഷ്, കാങ്കോൽ കാളീശ്വരം സ്വദേശി ദിലീപ്, കാങ്കോൽ സ്വദേശി സി പ്രജിത്ത് എന്നിവരെ നേരത്തെ പിടികൂടിയിരുന്നു.
പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിലാണ് പീഡന വിവരം പുറത്ത് വന്നത്. മാനസിക സമ്മർദ്ദത്താൽ വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ കണ്ടെത്തി പൊലീസ് മട്ടന്നൂർ മഹിള മന്ദിരത്തിൽ പാർപ്പിക്കുകയായിരുന്നു. അവിടെ വെച്ചാണ് പീഡനത്തിന് ഇരയായ വിവരം കുട്ടി പറഞ്ഞത്. തുടർന്ന് ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയും പെരിങ്ങോം എസ്ഐ എംഇ രാജഗോപാലിന്‍റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ മൂന്ന് പേരെ പിടികൂടുകയും ചെയ്തിരുന്നു.
കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടതിനാൽ തുടരന്വേഷണം തളിപ്പറമ്പ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഏറ്റെടുക്കുകയുമായിരുന്നു. മുഖ്യപ്രതിയായ രജീഷാണ് പെൺകുട്ടിയെ ആദ്യം പീഡനത്തിന് ഇരയാക്കിയത്. തുടർന്ന് ഇയാൾ മറ്റുള്ളവരോട് പീഡനവിവരം പറയുകയും ഇവർ കുട്ടിയെ ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. ആദ്യം ഒരാൾ മാത്രമാണ് പീഡിപ്പിച്ചതെന്ന് പെൺ കുട്ടി മൊഴി നൽകിയെങ്കിലും തുടർന്ന് വനിതാ പൊലീസിന്‍റെ സാന്നിധ്യത്തിൽ എടുത്ത മൊഴിയിൽ കൂടുതൽ പേർ പീഡിപ്പിച്ചതായി പറയുകയുമായിരുന്നു. ഇന്ന് പിടിയിലായ പ്രശോഭ് പെൺകുട്ടിയെ ചെറുവത്തൂരിലെ ലോഡ്ജിലും, ചൂരലിലും കൊണ്ടുപോയി നിരവധി തവണ പീഡനത്തിന് ഇരയാക്കിയതായി പൊലീസ് പറഞ്ഞു. കേസിൽ ഇതുവരെ 6 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബാക്കിയുള്ള പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.